മാത്യൂ ചെമ്പുകണ്ടത്തിൽ

മധ്യപൗരസ്ത്യദേശത്തെ സമാധാനത്തിനുവേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ ഏതാനും വർഷം മുമ്പ് ആരംഭിച്ച ഒരു രാഷ്ട്രസഖ്യമാണ് “അബ്രഹാം അക്കോര്‍ഡ്സ്” (Abraham Accords) മൂന്നു പ്രമുഖ “അബ്രാഹമിക് മത”ങ്ങളായ യഹൂദ, ക്രൈസ്തവ, മുസ്ലിം മതസ്ഥർ തിങ്ങിപ്പാര്‍ക്കുന്ന മിഡിലീസ്റ്റ് രാജ്യങ്ങളിലെ സമാധാനവും സുരക്ഷയും സഹവര്‍ത്തിത്വവുമാണ് ലക്ഷ്യമെന്ന് അബ്രഹാമിക് അക്കോര്‍ഡ്സിന്‍റെ പ്രഖ്യാപനത്തില്‍ പറയുന്നു. ഈ പ്രസ്ഥാനത്തിന്‍റെ ആവിര്‍ഭാവത്തോടെ ആധുനികലോകത്തില്‍ അബ്രഹാമിന്‍റെ വംശത്തില്‍ രൂപംകൊണ്ട മതങ്ങളുടെ ഉത്പത്തിയും വ്യാപനവും വീണ്ടും ചര്‍ച്ചയാവുകയാണ്.

അബ്രഹാമിക് മതങ്ങളെന്നു പൊതുവേ അറിയപ്പെടുന്നത് യഹൂദ, ക്രൈസ്തവ, ഇസ്ലാമിക് എന്നീ മൂന്നു മതങ്ങളെയാണെങ്കിലും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അബ്രഹാമിക് റിലിജയന്‍ സ്റ്റഡീസില്‍ പ്രഫസറായ ഡോ. അന്ന സാപിര്‍ അബുലാഫിയയുടെ (Anna Brechta Sapir Abulafia) നിരീക്ഷണത്തില്‍ ഈ മൂന്നു മതങ്ങളേക്കൂടാതെ ബഹായി, യസീദി, സമാരിറ്റന്‍, റാസ്റ്റഫാരി തുടങ്ങിയ മതങ്ങളും അബ്രഹാമിക് മതങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

അബ്രഹാമിന്‍റെ വംശാവലിയില്‍ ജനിച്ചവരും അദ്ദേഹം അവതരിപ്പിച്ച ദൈവിക ഏകത്വവാദത്തിൽ വിശ്വസിക്കുകയും ചെയ്യുന്നത് പ്രസ്തുത മതങ്ങളുടെ പ്രത്യേകതയാണ്. കൂടാതെ, ഓരോ മതത്തിന്‍റെയും ഉള്ളിലേക്ക് കടന്നു പരിശോധിച്ചാല്‍ പൊതുവായ വേറെയും സവിശേഷതകള്‍ കാണാന്‍ കഴിയും. വിശുദ്ധ ഗ്രന്ഥങ്ങളും പ്രപഞ്ചസൃഷ്ടി വിവരണങ്ങളും വംശാവലിയും പ്രവാചകന്മാരും വെളിപാടുകളും നന്മതിന്മകളെ സംബന്ധിച്ച പ്രതിപാദ്യങ്ങളും നിര്‍വ്വചനങ്ങളും എല്ലാമുണ്ട് ഈ മതങ്ങളില്‍. പൊതുപൂര്‍വ്വികനായി അബ്രാഹാമിനെ അംഗീകരിക്കുകയും മതവിശ്വാസങ്ങളിലും തത്വചിന്തകളിലും സാമ്യങ്ങൾ കാണാൻ കഴിയുന്നതിനാലും ഈ മതങ്ങളെ അബ്രഹാമിക് റിലിജിയന്‍ എന്ന വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മധ്യപൗരസ്ത്യ ദേശത്തെ വിവിധ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതും പൊതുപൂര്‍വ്വികനാല്‍ തുടക്കംകുറിച്ചതും എന്നാല്‍ വിശ്വാസവിഷയങ്ങളില്‍ വളരെയേറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നതുമായ ഈ മതങ്ങളില്‍ പൗരാണികകാലം മുതല്‍ നിലനില്‍ക്കുന്ന ഗോത്രസംഘര്‍ഷങ്ങള്‍ വ്യത്യസ്തനിലകളില്‍ ഇന്നും തുടരുന്നു. മതദര്‍ശനങ്ങളുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍പോലും അബ്രഹാമിക് മതങ്ങളുടെ ഒരു പ്രത്യേകതയായിട്ടാണ് കണക്കാക്കുന്നത്. മധ്യപൗരസ്ത്യ ദേശത്തിനു വെളിയില്‍ രൂപപ്പെട്ട മതങ്ങളിലൊന്നും കാണാത്തവിധം സംഘര്‍ഷഭരിതമാണ് ഈ മതങ്ങൾ. ലോകജനസംഖ്യയില്‍ അറുപതുശതമാനത്തിലേറെ ഈ മതങ്ങളിലുള്ളവരാണ്. അതിനാല്‍ അബ്രഹാമിക് മതങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രസക്തമായി അക്കാദമിക് ലോകം കണക്കാക്കുന്നു; ലോകത്തെ പല പ്രമുഖ യൂണിവേഴ്സിറ്റികളിലെല്ലാം ഈ പഠനശാഖയുമുണ്ട്.

മനുഷ്യവംശങ്ങളും മതചിന്തകളും

മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവവും വ്യാപനവും ആരംഭിച്ച കാലംമുതല്‍ മതചിന്തകളും അവരെ പിന്‍പറ്റുന്നു. വ്യത്യസ്ത ദേശങ്ങളിലും വിവിധ കാലഘട്ടങ്ങളിലും രൂപപ്പെട്ട മാനവസംസ്കാരങ്ങളിലെല്ലാം മതപരമായ ഘടകങ്ങള്‍ക്ക് പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. മതദര്‍ശനങ്ങളിലെ സാമ്യങ്ങളും വൈരുദ്ധ്യങ്ങളും തത്വചിന്തയുമെല്ലാം മനുഷ്യസംസ്കാരത്തെ എക്കാലത്തും സ്വാധീനിച്ച ഒരു ഘടകമാണ്. ലോകത്തിന്‍റെ ഗതിയെത്തന്നെ സ്വാധീനിച്ച ഈ വിഷയത്തെ പല കോണുകളില്‍നിന്ന് നോക്കിക്കാണുന്നവരുണ്ട്. ഇക്കൂട്ടത്തില്‍, വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ അബ്രഹാമിക് റിലിജിയന്‍ എന്ന വിഷയമാണ് ഇവിടെ അവതരിപ്പിക്കുന്നത്..

“അബ്രഹാമിക് റിലിജന്‍യന്‍” എന്നത് ഏറെ ആഴത്തില്‍ വേരോടിയ ഒരു പഠനശാഖയാണെങ്കിലും അടിസ്ഥാനപരമായി ഒരു പ്രധാനചോദ്യം ഇവിടെ ഉയരുന്നുണ്ട്, വാസ്തവത്തില്‍ അബ്രഹാമിന് മതമുണ്ടായിരുന്നോ ?

രാഷ്ട്രസംസ്കൃതിയിലേക്ക് വിളിക്കപ്പെടുന്ന “അബ്രാം”

ചരിത്രത്തില്‍ ആദ്യമായി അബ്രഹാം പ്രത്യക്ഷപ്പെടുന്നത് “അബ്രാം” എന്ന പേരിലാണ്. ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ പതിനൊന്നാം അധ്യായത്തിലാണ് ഈ യുഗപുരുഷനെ ആദ്യമായി കാണുന്നത്. കര്‍ത്താവ് അബ്രാമിനെ തെരഞ്ഞെടുക്കുന്നത് ഉല്‍പ്പത്തി 12:2-ലാണ് വായിക്കുന്നത്. ഈ വേളയില്‍ ദൈവം അബ്രാമിനു നല്‍കുന്ന അതിമഹത്തായ വാഗ്ദത്തമാണ് “ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും” എന്നത്. പിന്നീട് 17-ാം അധ്യായത്തില്‍ അബ്രാം എന്ന പേര്‍ മാറ്റി ”അബ്രഹാം” എന്നാക്കുകയും വാഗ്ദത്തങ്ങള്‍ ആവർത്തിക്കുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധേയമാകുന്ന കാര്യം, “നിരവധി രാഷ്ട്രങ്ങള്‍ക്ക് നിന്നെ പിതാവാക്കും” എന്ന വാഗ്ദത്തമാണ്.

ബൈബിള്‍ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുമ്പോള്‍, അബ്രഹാമിന്‍റെ വാഗ്ദത്തങ്ങളുടെ അവകാശി ഇസ്ഹാക്ക് എന്ന മകനായിരുന്നു. ഈ വ്യക്തിയുടെ രണ്ടു മക്കളില്‍ ഇളയവനായ യാക്കോബിനു ദൈവമായ കര്‍ത്താവു നല്‍കിയ പ്രത്യേക നാമമായിരുന്നു “ഇസ്രായേല്‍” എന്നത് (ഉല്‍പ്പത്തി 32:28). യാക്കോബും അദ്ദേഹത്തിന്‍റെ മക്കളും ഒരു പ്രതിസന്ധിഘട്ടത്തില്‍ ഈജിപ്റ്റില്‍ എത്തിച്ചേരുന്നു. തുടർന്നുള്ള നാടകീയരംഗങ്ങള്‍ ഉല്‍പ്പത്തി 37-ാം അധ്യായം മുതല്‍ 50-ാം അധ്യായം വരെ വിവരിക്കുന്നു.

ഈജിപ്റ്റില്‍ എണ്ണത്തില്‍ വളര്‍ന്ന ഈ ജനത, പിന്നീട് ഫറവോയുടെ കീഴില്‍ സമ്പൂര്‍ണ്ണ അടമത്വത്തിലാണ് കഴിയുന്നത്. ഏതാനും നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ വിമോചകനായി മോശെ എന്ന നേതാവ് രംഗപ്രവേശം ചെയ്യുന്നു. ഈ നേതാവാണ് ഈജിപ്റ്റില്‍ ഫറവോയുടെ അടിമത്വത്തില്‍ വസിച്ചിരുന്ന യാക്കോബിന്‍റെ സന്തതിപരമ്പരകളെ മുഴുവനായി “ഇസ്രായേല്‍” എന്ന് ആദ്യമായി വിളിച്ചത് (പുറപ്പാട് 4:22). തുടര്‍ന്ന് ഇക്കാലംവരെയുള്ള ചരിത്രത്തില്‍ ഈ സമൂഹം ഇസ്രായേല്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

ഇസ്രായേലും യഹൂദ്യയും

ഇസ്രായേല്‍ സമൂഹത്തെ “യഹൂദ്യര്‍” എന്ന് വിളിക്കുന്നതായും കാണാം. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും കാലഘട്ടത്തിനു ശേഷം യാക്കോബ് എന്ന ഇസ്രായേല്‍ തന്‍റെ പന്ത്രണ്ട് മക്കളെ അനുഗ്രഹിക്കുന്ന വേളയില്‍ തന്‍റെ മക്കളില്‍ ഒരാളായ യഹൂദയെ പരാമര്‍ശച്ചുകൊണ്ട് പറയുന്നു: “ചെങ്കോല്‍ യൂദായെ വിട്ടുപോകില്ല” (ഉല്‍പ്പത്തി 49:10) ഇവിടെ യഹൂദ എന്നത് ഒരു വ്യക്തിയാണെങ്കിലും യഹൂദയെ ഒരു രാഷ്ട്രം എന്ന നിലയില്‍ മുന്‍കണ്ടുകൊണ്ടാണ് യാക്കോബ് അനുഗ്രഹിക്കുന്നത്. ചെങ്കോല്‍, അധികാരദണ്‍ഡ്, ജനതകള്‍ തുടങ്ങി രാഷ്ട്രസംബന്ധിയായ പരാമര്‍ശങ്ങളാണ് അനുഗ്രഹവചനങ്ങളില്‍ ഉള്ളത്.

അബ്രഹാമിനം സന്തതികൾക്കുമായി ദൈവം വാഗ്ദത്തമായി നല്‍കിയ ഭൂമിയില്‍ തിരിച്ചെത്തിയ ഇസ്രായേല്‍ സമൂഹത്തില്‍ പിന്നീടുണ്ടായ സംഘര്‍ഷങ്ങളുടെ ഫലമായി ഇസ്രായേല്‍ രാജ്യം വിഭജിക്കുകയും യഹൂദ എന്ന മറ്റൊരു രാഷ്ട്രം നിലവില്‍ വരികയും ചെയ്യുന്നു (1 രാജാക്കന്മാര്‍ 12: 1-22). ഇങ്ങനെ അബ്രഹാമിന്‍റെ മക്കള്‍ എന്നറിയപ്പെടുന്നവര്‍ “ഇസ്രായേല്യര്‍” എന്നും ”യഹൂദ്യര്‍” എന്നും ചരിത്രത്തില്‍ അറിയപ്പെട്ടു തുടങ്ങി.

അബ്രഹാമില്‍നിന്നും ആവിര്‍ഭവിച്ച ഈ വംശത്തിന്‍റെ നൂറ്റാണ്ടുകളായുള്ള പ്രയാണചരിത്രത്തിലുടനീളം അവരെ “മതം” എന്ന അടിസ്ഥാനത്തിലല്ല, “രാഷ്ട്രം” എന്ന നിലയിലാണ് നാം കാണുന്നത്. രാഷ്ട്രത്തിലെ ജനങ്ങളുടെ ആത്മീയത വിഷയമാകുമ്പോള്‍ മതസംജ്ഞകള്‍ ഉയര്‍ന്നുവരുന്നുവെങ്കിലും തികഞ്ഞ രാഷ്ട്രബോധത്തില്‍ ആയിരുന്നു ചരിത്രത്തിലുടനീളം ഇസ്രായേല്‍ മുന്നേറിയത്. അബ്രഹാം സന്തതികളുടെ രാഷ്ട്രനിര്‍മ്മിതിയുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും കൂടി ചരിത്രമാണ് ബൈബിളില്‍ പഴയനിയമം വിവരിക്കുന്നത്.

ഇസ്മായീല്‍ വംശത്തിന്‍റെ രാഷ്ട്രബോധം

അബ്രഹാമിന് ഇസ്ഹാക്ക് എന്ന മകനെ കൂടാതെ, ഈജിപ്റ്റുകാരി ദാസിയില്‍ ഉണ്ടായ മറ്റൊരു മകനായിരുന്നു ഇസ്മായീല്‍. ഇസ്മായീലിനെ സംബന്ധിച്ച് ദൈവികവാഗ്ദത്തം അവരില്‍നിന്ന് മധ്യപൂര്‍വ്വദേശത്ത് “പന്ത്രണ്ട് രാജാക്കന്മാര്‍” ഉത്ഭവിക്കും, (ഉല്‍പ്പത്തി 16:20) ഇവരിലൂടെ വലിയൊരു ജനത പുറപ്പെടും എന്നതായിരുന്നു. ഈ വാഗ്ദത്തത്തിലും കാണുന്നത് അബ്രഹാമിലൂടെ ഒരു മതവും രൂപപ്പെട്ടില്ല, രാഷ്ട്രങ്ങളും രാജാക്കന്മാരും ജനപഥങ്ങളുമായിരുന്നു രൂപപ്പെട്ടത് എന്ന യാഥാര്‍ത്ഥ്യമാണ്.

അബ്രഹാമിന് മതമുണ്ടോ?

യൂദായിസത്തെ ഒരു മതം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി, ഈ മതത്തിലേക്ക് കടന്നുവന്ന ആദ്യ ഹെബ്രായനാണ് അബ്രഹാം എന്നു വിശ്വസിക്കുന്നവരാണ് യഹൂദരില്‍ ഭൂരിപക്ഷവും. യഹൂദ ജീവിതക്രമവും ആരാധനാരീതികളുമെല്ലാം ഉള്‍പ്പെടുന്ന നിയമസംഹിതകളെ പൊതുവില്‍ “ഹലാക്ക” (Halakha) എന്നു യഹൂദര്‍ വിളിക്കുന്നു. ഇതിനെ മതനിയമങ്ങള്‍ എന്നു വിളിക്കുമെങ്കിലും ശരിയായ വിവര്‍ത്തനം “പെരുമാറ്റരീതി”; “അനുദിനജീവിതചര്യ” എന്നാണെന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.

വാസ്തവത്തില്‍ “യൂദായിസം” (Judaism) എന്നത് ക്രൈസ്തവസഭയുടെ കണ്ടുപിടിത്തമായിരുന്നുവെന്നും 19-ാം നൂറ്റാണ്ടിലാണ് യഹൂദര്‍, തങ്ങളുടെ പൂര്‍വ്വികരുടെ ആത്മീയജീവിതത്തേയും സംസ്കാരത്തേയും ജീവിതരീതികളെയും ഒരു മതമായി ദര്‍ശിച്ചതെന്നുമാണ് കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയില്‍ യഹൂദ സംസ്കാരം പഠിപ്പിക്കുന്ന വിഭാഗത്തിലെ പ്രഫസര്‍ ദാനിയേല്‍ ബൊയാറിന്‍ ”Judaism: The Genealogy of a Modern Notion” (by Daniel Boyarin) വ്യക്തമാക്കുന്നത്.

ദാനിയേല്‍ ബയാറിന്‍റെ ഈ വാദങ്ങളെ ന്യായീകരിക്കാന്‍ തക്കതായി മറ്റുചില പഠനങ്ങളുമുണ്ട്. “റിലിജിയന്‍” എന്നത് തികച്ചും ഒരു ആധുനിക ആശയമാണെന്നാണ് മൈക്കിള്‍ പാസ്ക്വിയര്‍ (Michael Pasquier, ) Religion in America: The Basics എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.

എ.ഡി 1200 കളിലാണ് “റിലിജിയോ” (religiō) എന്ന ലാറിൻ പദം ഇംഗ്ലീഷ് ഭാഷയില്‍ കടന്നുവരുന്നത്. ഇംഗ്ലീഷ് മൊണാസ്ട്രികളിലെ ജീവിതരീതിയോടു ബന്ധപ്പെട്ടായിരുന്നു “റിലിജിയന്‍” എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. എ.ഡി 1500 കളിലാണ് റിലിജിയന്‍ എന്ന വാക്കിന് ഇന്നു നാം മതം എന്നതിനേ മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തി ലഭിച്ചത് എന്നും കാണാം.

രാഷ്ട്രപിതാവായ അബ്രഹാം

മതത്തെയും ജൂദായിസത്തെയും സംബന്ധിച്ച് ആധുനികലോകം ഉയര്‍ത്തുന്ന ഈ പഠനങ്ങളുടെയും നിഗമനങ്ങളുടെയുമെല്ലാം പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ അബ്രഹാമിനെ ഏതെങ്കിലുമൊരു മതസ്ഥാപകനായി കണക്കാക്കുക അസാധ്യമായിരിക്കും. അബ്രഹാമിലൂടെ മതങ്ങളൊന്നും പുറപ്പെട്ടില്ല എന്നതിന് ബൈബിള്‍ വചനങ്ങള്‍ സാക്ഷിനില്‍ക്കുന്നു. അബ്രഹാമിന്‍റെ ജീവതം വിശുദ്ധ ബൈബിളില്‍നിന്ന് വായിക്കുമ്പോള്‍ ശ്രദ്ധേയമായ പലതും അതില്‍ കണ്ടെത്താന്‍ കഴിയും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അബ്രഹാമിനെ ദൈവം വിളിക്കുന്നത് മതത്തില്‍ നിന്നും മതമില്ലായ്മയിലേക്കായിരുന്നു എന്നതാണ്. ഗോത്രമത്തിലെ പ്രാകൃത വിഗ്രഹാരാധനാ രീതികളില്‍നിന്ന് (ജോഷ്വ 24:2) വിശ്വാസവും നീതീകരണവും നല്‍കുന്ന ഉന്നതമായ ആത്മീയജീവിതത്തിലേക്കുള്ള വെളിപാടായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഗോത്രസംസ്കാരവും ഗോത്രബോധവും പ്രബലപ്പെട്ടിരുന്ന സമൂഹത്തില്‍നിന്നും സ്വതന്ത്രരാഷ്ട്രം എന്ന തികച്ചും വ്യത്യസ്തമായ ഒരു സംസ്കൃതിയിലേക്കുള്ള മനുഷ്യവംശത്തിന്‍റെ ചുവടുവയ്പ്പിന്‍റെ തുടക്കമായിരുന്ന അബ്രഹാമിന്‍റെ വിളിയും തെരഞ്ഞെടുപ്പും എന്നു മനസ്സിലാക്കാന്‍ കഴിയും.

ബൈബിളില്‍ ആകമാനം അബ്രാം, അബ്രഹാം എന്ന പേരുകൾ 309 പ്രവാശ്യവും പഴയനിമയത്തില്‍ മാത്രം 73 തവണയും കാണപ്പെടുന്നു. എന്നാല്‍ അബ്രഹാമിനെ പരാമര്‍ശിക്കുന്ന വേളകളിലൊന്നും അബ്രഹാം ഏതെങ്കിലും മതം സ്ഥാപിച്ചതായോ അബ്രഹാമിനെ ദൈവം വിളിച്ച് ഏതെങ്കിലും മതരൂപീകരണ ദൗത്യം ഏല്‍പ്പിച്ചതായോ പഴയനിയമത്തിലോ പുതിയനിമയത്തിലോ രേഖകളില്ല. തന്നില്‍നിന്ന് രാഷ്ട്രങ്ങളും രാജാക്കന്മാരും ഉത്ഭവിക്കുമെന്നതായിരുന്നല്ലോ വാഗ്ദത്തം,. അതിനാല്‍, നിരവധി രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് കാരണക്കാരനായ വ്യക്തി എന്ന നിലയില്‍ അബ്രഹാമിനെ രാഷ്ട്രപിതാവ് എന്ന് വിളിക്കുന്നതാണ് ശരി. “അബ്രഹാമിക് റിലിജിയന്‍” എന്നതിനേക്കാള്‍ “അബ്രഹാമിക് നേഷന്‍സ്” എന്നു പറയുന്നതായിരിക്കും ശരി. അബ്രഹാമിൻ്റെ പിൻതലമുറയിൽ വ്യത്യസ്ത മതങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെല്ലാം വ്യത്യസ്ത സാഹചര്യങ്ങളായിരുന്നു കാരണമായത്.

അബ്രഹാമിനു നല്‍കിയ വാഗ്ദത്തങ്ങള്‍ അബ്രഹാമിന്‍റെ വംശപരമ്പരയ്ക്ക് വെളിയിലുള്ളവര്‍ക്ക് ലഭ്യമാകുമോ? ക്രൈസ്തവസഭയും അബ്രഹാമിന്‍റെ വാഗ്ദത്തങ്ങളും എന്ന അടുത്ത ലേഖനത്തില്‍ ഈ വിഷയം പരിശോധിക്കാം (തുടരും).