മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പോലീസ് മർദ്ദിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സഹയാത്രികരായ ദൃക്‌സാക്ഷികൾ. മർദ്ദനമേറ്റയാൾ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതാണ് പോലീസ് ഇടപെടലിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും സൂചിപ്പിക്കുന്നുണ്ട്.

യാത്രക്കാരൻ ശല്യം ചെയ്തപ്പോൾ പോലീസിനോട് പരാതിപ്പെട്ടെന്ന് സഹയാത്രിക സ്ഥിരീകരിച്ചു. ഇയാൾ വസ്ത്രമ മാറ്റി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയുണ്ട്.

ഇതോടെ മർദ്ദിച്ച എഎസ്‌ഐക്കെതിരെ നടപടി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം മതിയെന്നാണ് സേനയുടെ തീരുമാനം. അതേസമയം പോലീസിന്റെ ഉന്നതതല യോഗം മുഖ്യമന്ത്രി വീണ്ടും വിളിച്ചു.

നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ ഉണ്ടങ്കിലും സംഭവത്തിന്റെ യഥാർത്ഥ വശം അതല്ലെന്ന് പോലീസിന്റെ വാദവും പാലക്കാട് സബ് ഡിവിഷനൽ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു.

മാഹിയിൽ നിന്ന് സ്ലീപ്പർ കൊച്ചിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. രണ്ട് പെൺകുട്ടികൾ ഇരിക്കുകയായിരുന്ന സീറ്റിന് മുന്നിലെ സീറ്റിൽ വസ്ത്രം പൊലും മാറിയ അവസ്ഥയിലാണ് ഇയാൾ ഇരുന്നത്. ഇക്കാര്യം യാത്രക്കാരായ പെൺകുട്ടികളും മൊഴി നൽകി.

ഇതോടെയാണ് പോലീസും ടിടിഇയും വിഷയത്തിലിടപെട്ടതെന്നും ടിക്കറ്റില്ലെന്ന് കണ്ടതോടെ മാറ്റാൻ ടിടിഇ നിർദേശിച്ചെന്നുമാണ് റിപ്പോർട്ട്.

എങ്കിലും ചവിട്ടിയത് തെറ്റാണന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ മൊഴികൾ യാത്രക്കാരന് എതിരായതോടെ നടപടി ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം റെയിൽവേ എസ്പി ചൈത്ര തെരെസാ ജോൺ തീരുമാനമെടുക്കും.