റെയിൽവേസിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ നിന്ന് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പിന്മാറിയ മുംബൈ സൂപ്പർ താരങ്ങളായ ശ്രേയസ് അയ്യറിനേയും, ശിവം ഡൂബെയേയും കാത്തിരിക്കുന്നത് കനത്ത തിരിച്ചടി‌. മുംബൈ 10 വിക്കറ്റിന്റെ ദയനീയ പരാജയം നേരിട്ട ഈ മത്സരത്തിൽ കളിക്കാതിരുന്ന ഇരുവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ.

അഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ പ്രധാന താരങ്ങളാണ് ശ്രേയസ് അയ്യറും, ശിവം ഡൂബെയും. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുള്ള ഇരുവരും വിശ്രമത്തിന് വേണ്ടിയാണ് റെയിൽവേസിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കാതെ പിന്മാറിയത്. എന്നാൽ ഇരുവരും മത്സരം കളിക്കാതെ മാറിയത് സെലക്ടർമാരുടെ നിർദ്ദേശത്തോടെ ആയിരുന്നില്ല. രഞ്ജിയിൽ കളിക്കാതെ വിശ്രമിക്കണമെന്ന് ബിസിസിഐ സെലക്ടർമാർ തങ്ങളോട് നിർദ്ദേശിച്ചിരുന്നെന്നാണ് നേരത്തെ ഇരുവരും മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നതെങ്കിലും അങ്ങനൊരു നിർദ്ദേശം സെലക്ടർമാർ താരങ്ങൾക്ക് നൽകിയിരുന്നില്ലെന്ന് വിശദമായ അന്വേഷണത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മനസിലാക്കുകയായിരുന്നു.

ഇരുവരും കളിക്കാതെ പിന്മാറിയ മത്സരത്തിൽ മുംബൈ 10 വിക്കറ്റിന്റെ ദയനീയ തോൽവി കൂടി നേരിട്ടതോടെ സംഭവം കൂടുതൽ വഷളായി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അടുത്ത അപക്സ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും രണ്ട് താരങ്ങൾക്കുമെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.