ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനെ നടുക്കിയ സാറാ എവറാർഡിന്റെ കൊലപാതക കേസിലെ പ്രതി വെയ്ൻ കൂസെൻസിനു കോടതി ജീവിതാന്ത്യം വരെയുള്ള ജയിൽ ശിക്ഷയാണ് കഴിഞ്ഞദിവസം വിധിച്ചത്. തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ പ്രതിയെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. വളരെ അപൂർവമായി മാത്രമാണ് കോടതി ഇത്തരത്തിലുള്ള ശിക്ഷ വിധിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശിക്ഷ പ്രകാരം പ്രതി മരണം വരെ ജയിലിൽ കഴിയേണ്ടതാണ്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രതി തന്റെ അധികാരം ദുർവിനിയോഗം ചെയ്തതായി കോടതി വിലയിരുത്തി. കോവിഡ് നിയമങ്ങളും, തന്റെ വാറന്റ് കാർഡും ഉപയോഗിച്ച് മുപ്പത്തി മൂന്നുകാരിയായ മാർക്കറ്റിങ് എക്സിക്യൂട്ടീവായ പെൺകുട്ടിയെ വിലങ്ങ് വെച്ച് വ്യാജ അറസ്റ്റ് നടത്തുകയും, അതിനുശേഷം തന്റെ കാറിൽ 80 മൈൽ ദൂരെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നുള്ളതാണ് ഇയാൾക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.


ബ്രിട്ടനിലെ നിയമവ്യവസ്ഥയിൽ, ഏറ്റവും ഉയർന്ന ശിക്ഷകളിലൊന്നാണ് ജീവിതാന്ത്യം വരെയുള്ള ജയിൽശിക്ഷ. ജൂണിലെ ഗവൺമെന്റ് കണക്കുകൾ പ്രകാരം, നിലവിൽ 60 പേർ മാത്രമാണ് ഇത്തരത്തിൽ ശിക്ഷ അനുഭവിക്കുന്നത്. ഇത്തരം പ്രതികൾക്ക് പരോൾ അനുവദിക്കുന്നതല്ല. മരണംവരെ ഇവർ ജയിലിൽ തന്നെ കഴിയണം എന്നതാണ് ശിക്ഷ വ്യക്തമാക്കുന്നത്.

വളരെനാൾ കരുതിക്കൂട്ടിയാണ് ഇത്തരത്തിലൊരു കുറ്റം ഇയാൾ ചെയ്തതെന്ന് കോടതി കണ്ടെത്തി. വളരെ വേദനാജനകമായ അന്ത്യമാണ് സാറയ്ക്ക് ലഭിച്ചത്. ക്രൂരമായ രീതിയിലുള്ള പെരുമാറ്റം ആണ് പ്രതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. വളരെ അസാധാരണമായ കേസായി ഇതിനെ കോടതി വിലയിരുത്തി. മാത്രവുമല്ല പോലീസുകാരനായ ഇയാൾ തന്റെ അധികാരവും പദവിയും ദുരുപയോഗം ചെയ്താണ് ഇത്തരത്തിലൊരു കുറ്റം ചെയ്തതെന്നും, അതിനാൽ തന്നെ ഇയാൾക്ക് ജീവിതാന്ത്യം വരെയുള്ള ജയിൽ ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂട്ടറും ആവശ്യപ്പെട്ടു.