ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആര്‍വെന്‍ കൊടുങ്കാറ്റിനു പിന്നാലെ ഭീഷണിയായി ബാറാ എത്തുന്നു. ബാറാ കൊടുങ്കാറ്റിന്റെ ഫലമായി മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ കാറ്റ് വീശും. എട്ട് ഇഞ്ച് വരെ കനത്തിലുള്ള മഞ്ഞ് വീഴ്ച ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഗതാഗത തടസ്സം ഉണ്ടായേക്കും. അറ്റ്ലാന്റിക്കിൽ രൂപപ്പെട്ട ന്യൂനമർദമാണ് ബാറാ കൊടുങ്കാറ്റായി മാറിയത്. മഞ്ഞുവീഴ്ച തുടരുമെന്നതിനാൽ മെറ്റ് ഓഫീസ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആഴ്ച അഞ്ചു ദിവസം രാജ്യത്ത് കാറ്റും മഴയും ശക്തിപ്പെടും.

തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ അയര്‍ലന്‍ഡിന്റെ തീരപ്രദേശങ്ങളില്‍ 35 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉണ്ടാവും. ഇത്തരം വലിയ തിരമാലകൾ ജീവന് ഭീഷണിയായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ആർവെൻ കൊടുങ്കാറ്റ് വീശി 11 ദിവസങ്ങൾ പിന്നിട്ടിട്ടും നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ 500 വീടുകളിൽ വൈദ്യുതിബന്ധം പുനസ്ഥാപിച്ചിട്ടില്ല.


ബാറാ കൊടുങ്കാറ്റ് ശക്തിപ്പെടുന്നതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫിസ് അറിയിച്ചു. ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പടിഞ്ഞാറൻ, തെക്കൻ തീരങ്ങളിൽ മണിക്കൂറിൽ 60 മൈൽ മുതൽ 70 മൈൽ വരെ വേഗതയിൽ കാറ്റ് വീശും. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഏത് അടിയന്തര സാഹചര്യത്തിലും കോസ്റ്റ്ഗാർഡിനായി 999 ൽ ബന്ധപ്പെടണമെന്നും റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ അഭ്യർത്ഥിച്ചു.