ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ശരത്ക്കാലത്തിനു മുന്നോടിയായി കോവിഡ് ബൂസ്റ്റർ വാക്സിനുകൾ അടുത്ത ആഴ്ച മുതൽ ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും നൽകും. ആദ്യമായി കെയർഹോം നിവാസികൾക്കായിരിക്കും ബൂസ്റ്റർ വാക്സിൻ ലഭിക്കുക. അണുബാധകളുടെ നിരക്ക് കുറയുന്നുണ്ടെങ്കിലും ശരത്കാലത്തും ശൈത്യകാലത്തും കോവിഡും പനിയും വർദ്ധിക്കുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് ഇത്തരത്തിലൊരു നീക്കം. ഇതിനു രണ്ടിനെതിരെയും വാക്സിനുകൾ എടുത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷണം നേടണമെന്ന് വിദഗ്ദ്ധർ ജനങ്ങളോട് ആവശ്യപ്പെട്ടു. ഒമൈക്രോൺ വേരിയന്റിനെതിരെ അടുത്തയിടെ അംഗീകരിച്ച വാക്സിൻ ആദ്യം ഉപയോഗിക്കുമെന്നാണ് സൂചന.

50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകുവാനായി മോഡേണയുടെ ബൈപാലൻ വാക്സിൻ ലഭ്യമല്ല. അതിനാൽ തന്നെ ആളുകൾ ലഭിക്കുന്ന ബൂസ്റ്റർ വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. 12 വയസ്സും അതിൽ കൂടുതൽ ഉള്ളവർക്കുമായി ഫൈസർ/ബയോഎൻടെക്കിൽ നിന്നുള്ള രണ്ടാമത്തെ “ബൈവാലന്റ്” കൊറോണ വൈറസ് വാക്സിൻ അംഗീകരിച്ചതായി യുകെയുടെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) ശനിയാഴ്ച അറിയിച്ചിരുന്നു. കെയർ ഹോം നിവാസികൾക്കും ജീവനക്കാർക്കും കോവിഡ് ബൂസ്റ്ററുകൾ നൽകുവാൻ വെയിൽസ് ആരംഭിച്ചു കഴിഞ്ഞു. നോർത്തേൺ അയർലണ്ടിൽ ഇവർക്ക് സെപ്റ്റംബർ 19 മുതൽ വിതരണം ആരംഭിക്കും. സ്കോട്ട്‌ലൻഡിലെ കെയർ ഹോം നിവാസികൾക്ക് തിങ്കളാഴ്ച മുതൽ കോവിഡ് ബൂസ്റ്റർ നൽകും. തുടർന്ന് ആരോഗ്യ,സാമൂഹിക പരിപാലന പ്രവർത്തകർക്കായിരിക്കും മുൻഗണന നൽകുക. ഇംഗ്ലണ്ടിന്റെ ശരത്കാല ബൂസ്റ്റർ കാമ്പെയ്‌നും അതേ ദിവസം തന്നെ ആരംഭിക്കും. 1.6 ലക്ഷം കെയർ ഹോം നിവാസികളും ജീവനക്കാരുമായിരിക്കും ഇവ ആദ്യമായി സ്വീകരിക്കുക.