ലണ്ടന്‍: രണ്ടെണ്ണം അകത്തു ചെന്നാല്‍ ചറപറാ ഇംഗ്ലീഷ് പറയുന്നതിന് കാരണം കണ്ടെത്തി ശാസ്ത്രലോകം. മദ്യം മറ്റുഭാഷകളില്‍ മനുഷ്യനുള്ള പ്രാവീണ്യം കൂട്ടുമെന്നാണ് പുതിയ കണ്ടെത്തല്‍. ഒന്നോ രണ്ടോ ഡ്രിങ്കുകള്‍ അകത്തു ചെന്നാല്‍ മലയാളികള്‍ ഇംഗ്ലീഷ് ഭാഷാ വിദഗ്ദ്ധരാകുന്നതാണ് നമുക്ക് പരിചയം. എന്നാല്‍ ഇത് എല്ലായിടത്തെയും മനുഷ്യരില്‍ കണ്ടുവരുന്നതാണത്രേ. ജിസിഎസ്ഇയില്‍ ബി ഗ്രേഡ് വാങ്ങിയവരും രണ്ടെണ്ണം അകത്തു ചെന്നാല്‍ കൂളായി ജര്‍മന്‍ സംസാരിക്കുന്നതാണ് പഠനത്തില്‍ ഉദാഹരണമായി പറയുന്നത്.

മറ്റ് ഭാഷകളില്‍ അത്യാവശ്യം പരിചയമുള്ളവര്‍ക്ക് മദ്യത്തിന്റെ സഹായത്താല്‍ സംസാരിക്കാന്‍ സാധിക്കും. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി, മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റി, കിംഗ്‌സ് കോളേജ് ലണ്ടന്‍ എന്നിവയാണ് പഠനം നടത്തിയത്. മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന 50 ജര്‍മന്‍ വിദ്യാര്‍ത്ഥികളിലായിരുന്നു പഠനം. പ്രാദേശിക ഭാഷയായ ഡച്ച് അത്യാവശ്യം പരിചയപ്പെട്ടു വരുന്ന ഘട്ടത്തിലായിരുന്നു ഇത്. ഇവര്‍ക്ക് ആല്‍ക്കഹോള്‍ അടങ്ങിയതും അല്ലാത്തതുമായ ഡ്രിങ്കുകള്‍ നല്‍കിയതിനു ശേഷം ഡച്ച് ഭാഷയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു.

ശരീരഭരത്തിന് അനുസരിച്ച് ഇവര്‍ക്ക് ആല്‍ക്കഹോള്‍ നല്‍കി. 70 കിലോ ഭാരമുള്ള പുരുഷന് 5 ശതമാനം വീര്യമുള്ള 460 മില്ലിലിറ്റര്‍ ബിയര്‍ എന്ന കണക്കിനാണ് നല്‍കിയത്. ഇവരുടെ സംസാരം റെക്കോര്‍ഡ് ചെയ്യുകയും ഡച്ച് ഭാഷ സംസാരിക്കുന്ന പ്രദേശവാസികളെക്കൊണ്ട് അവ വിശകലനം ചെയ്യിക്കുകയും ചെയ്തു. ആരൊക്കെയാണ് മദ്യം കഴിച്ചിരുന്നതെന്ന് ഇവര്‍ക്ക് അറിയുമായിരുന്നില്ല. മദ്യം ഉള്ളിലുണ്ടായിരുന്നവരുടെ ഉച്ചാരണം മികച്ചതായിരുന്നെന്നാണ് പരീക്ഷണത്തില്‍ വ്യക്തമായത്.

എന്നാല്‍ കുറഞ്ഞ അളവില്‍ കഴിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. കൂടിയ അളവില്‍ മദ്യപിച്ചാല്‍ സ്വന്തം ഭാഷ പോലും മറ്റുള്ളവര്‍ക്ക് മനസിലാക്കാനാകില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുടെ ആവശ്യമില്ലല്ലോ!