ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആയിരം വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന്, വൈദ്യുതിയും വെള്ളവും ലഭ്യമാകാത്ത സാഹചര്യത്തിൽ ഏതാനും ദിവസങ്ങൾ കഴിയാനുള്ള ഭക്ഷണവും വെള്ളവും വീടുകളിൽ കരുതണമെന്ന് ബ്രിട്ടിഷ് സർക്കാർ ജനങ്ങളോട് നിർദേശിക്കുന്നു. എൽ നിനോ ശക്തമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയവും കാട്ടുതീയും ഉൾപ്പെടെയുള്ള അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വർധിക്കുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനിൽ വരാനിരിക്കുന്നത് കൂടുതൽ മഴയും ശക്തമായ കൊടുങ്കാറ്റുകളുമുള്ള ശീതകാലമായിരിക്കുമെന്നും പ്രവചനമുണ്ട്.

അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർ എത്തുന്നതുവരെ ആവശ്യമായ ഭക്ഷണസാധനങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് ജനങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്ന് എൻവയൺമെന്റ് സെക്രട്ടറി ആഞ്ചല ഈഗിൾ പറഞ്ഞു . വരും മാസങ്ങളിൽ കാബിനറ്റ് ഓഫീസ് ദേശീയ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ വീടുകളെ സജ്ജമാക്കുന്നതിനുള്ള പ്രചാരണം ആരംഭിക്കും. ടിന്നിലടച്ച ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ശേഖരിക്കാനും മറ്റ് മുൻകരുതലുകൾ സ്വീകരിക്കാനും ഇതിലൂടെ ജനങ്ങളോട് ആവശ്യപ്പെടും.

പസഫിക് സമുദ്രത്തിലെ സമുദ്രതാപനില ഉയരുന്നതുമായി ബന്ധപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ഇത് ശക്തമാകുന്നതോടെ ഏഷ്യയിൽ പ്രളയവും ഇന്ത്യയിൽ ദുർബലമായ മൺസൂണും ഉൾപ്പെടെ വിവിധ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ രൂക്ഷമാകുന്നുണ്ട്. ബ്രിട്ടന്റെ കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ജലസംഭരണികൾ നിർമിക്കുന്നതിനും കൃഷിരീതികളിൽ മാറ്റം വരുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കുകയാണ്. 2027-ൽ ആഗോളതാപനവും ശക്തമായ എൽ നിനോയും ചേർന്ന് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്.











Leave a Reply