ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ചരക്ക് വാഹന ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ് . പല പെട്രോൾ സ്റ്റേഷനുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ് . ഡ്രൈവർമാരുടെ ക്ഷാമം മൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിതല ചർച്ചകൾ ആരംഭിച്ചതായി ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. നിലവിൽ രാജ്യമൊട്ടാകെ ആകെ 100000 ത്തോളം ഡ്രൈവർമാരുടെ കുറവ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിനായി താൽക്കാലിക വിസ നൽകുന്ന കാര്യത്തിൽ മന്ത്രിതലത്തിൽ അഭിപ്രായ ഐക്യം ഇല്ലെന്ന് വാർത്തകളും പുറത്തുവന്നിട്ടുണ്ട്


വിദേശത്തുള്ള എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർമാരെ ആകർഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കാൻ മന്ത്രിമാർ സമ്മർദം നേരിടുന്നുണ്ട്. ജോലി ഉപേക്ഷിച്ച ഡ്രൈവർമാരെ തിരികെ കൊണ്ടുവരാൻ ട്രാൻസ്പോർട്ട് സ്ഥാപനങ്ങൾ വലിയ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞത്. എനർജി ബില്ലുകളിലെ വർദ്ധനവ് കാരണം ഈ ശൈത്യകാലത്ത് ഗാർഹിക ചിലവ് നാല് ശതമാനം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ലോറി ഡ്രൈവർമാരുടെ കുറവ് കാരണം പെട്രോൾ, ഡീസൽ വിതരണം പൂർണമായി നടത്താൻ കഴിയില്ലെന്ന് ബിപി ഓയിൽ യുകെ അറിയിച്ചു. ഗ്യാസ് വില കുതിച്ചുയരുന്നതിന് പിന്നാലെയാണ് ഇന്ധന ക്ഷാമവും രൂക്ഷമാകുന്നത്.


ഡ്രൈവർ ക്ഷാമം കാരണം ഇന്ധനം എത്തില്ലെന്ന ഭീതിയെ തുടർന്ന് നിരവധി പേരാണ് ഇന്നലെ പമ്പുകളിലേക്ക് ഇരച്ചെത്തിയത്. പെട്രോൾ, ഡീസൽ വിതരണം തടസപ്പെടുമെന്നും പെട്രോൾ സ്റ്റേഷൻ അടച്ചുപൂട്ടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ടോൺബ്രിഡ്ജ്, കെന്റ്, എലി, കേംബ്രിഡ്ജ്ഷയർ, ബ്രൈറ്റ്, ലീഡ്സ് എന്നിവിടങ്ങളിൽ കാറുകളുടെ നീണ്ട നിര കാണപ്പെട്ടു. എസെക്സിലെ ഒരു പെട്രോൾ സ്റ്റേഷനിൽ ഇന്നലെ രാവിലെ തന്നെ ഡീസൽ തീർന്നിരുന്നു . 1973 -ലെ ഒപെക് ഓയിൽ പ്രതിസന്ധിയുടെയും 2000 -ലെ ഇന്ധനക്ഷാമത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു യുകെയിലെ നിരത്തുകളിൽ കാണപ്പെട്ടത് . ഇതോടൊപ്പം സൂപ്പർമാർക്കറ്റുകൾ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശിക പെട്രോൾ സ്റ്റേഷനുകൾ അടയ്ക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ, ടാങ്കിന്റെ നാലിലൊന്ന് ഇന്ധനം എങ്കിലും സൂക്ഷിക്കണമെന്ന് പെട്രോൾ റീടെയിലേഴ്സ് അസോസിയേഷൻ ഇന്നലെ രാത്രി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.