താനെ സ്വദേശിയായ സല്‍മാന്‍ അഫ്രോസ് ഖാന്‍ (26), കാമുകി മനീഷ നാരായണ്‍ നെഗി (21) എന്നിവരെയാണ് മുലുന്ദ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിക്കു പുറത്ത് പാര്‍ക്ക് ചെയ്ത കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷമെന്ന് സംശയിക്കുന്ന രണ്ട് കുപ്പികള്‍ കാറിനുള്ളില്‍ നിന്ന് കണ്ടെടുത്തു. ഹിന്ദുമത വിശ്വാസിയാണ് മനീഷ. സല്‍മാന്‍ ഇസ്ലാംമത വിശ്വാസിയും. ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചുവെങ്കിലും വീട്ടുകാര്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. പ്രണയജോഡികളെ തിരക്കേറിയ നഗരമധ്യത്തില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

വ്യത്യസ്ത മതവിശ്വാസികളായ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നു. കുടുംബവുമായുള്ള ബന്ധം തകര്‍ന്നതിന്റെ മനോവിഷമത്തില്‍ ഇവര്‍ ആത്മഹത്യ ചെയ്തതതാണെന്ന് പോലീസ് നിഗമനം. എന്നാല്‍ കാറില്‍ നിന്ന് ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വസ്ത്രവ്യാപാരിയാണ് സല്‍മാന്‍. മനീഷ ഒരു ഷോപ്പിംഗ് മാളില്‍ സെയില്‍സ്‌ഗേളും. ഇരുവരും അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ അനുവദിക്കാതെ വന്നതോടെ നാലു ദിവസം മുന്‍പ് ഇവര്‍ ഒളിവില്‍ പോയി. എന്നാല്‍ വീട്ടുകാര്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. ബുധനാഴ്ച 3.30 ഓടെയാണ് കോടതിക്ക് സമീപം നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.

പോലീസ് എത്തുമ്പോളും കാറിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അകത്തുനിന്നും പ്രതികരണമൊന്നും കിട്ടാതെ വന്നതോടെ പോലീസ് ചില്ല്‌പൊട്ടിച്ച്‌ നോക്കുമ്ബോഴാണ് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവരെ മുലുന്ദ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇവരുടെ തിരിച്ചറിയല്‍കാര്‍ഡുകളില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും കാറില്‍ നിന്നും ലഭിച്ച കുപ്പികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പോലീസ് അറിയിച്ചു.