തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെ 12 മന്ത്രിമാരെ കോൺഗ്രസിന് ലഭിക്കുമെന്നാണ് ധാരണ. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ ഉച്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നാളെ രാവിലെ 10ന് വി.ഡി.സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
കോൺഗ്രസ് പട്ടികയിൽ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.ലിജു, ബിന്ദു കൃഷ്ണ എന്നിവർക്ക് മുൻതൂക്കമുണ്ട്. റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ടി.സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത് തുടങ്ങിയവരും പരിഗണനയിലാണ്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാകുന്നവരിൽ ഒരാൾ സ്പീക്കറായും മറ്റൊരാൾ ഡപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പോ ആകാനുമാണ് സാധ്യത. തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോജി എം.ജോൺ, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ പേരുകൾ സ്പീക്കർ സ്ഥാനത്തേക്കും ഉയരുന്നുണ്ട്.
മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, കെ.എം.ഷാജി എന്നിവർ ആദ്യപരിഗണനയിലുണ്ട്. കേരള കോൺഗ്രസ് (ജോസഫ്) റവന്യൂ വകുപ്പ് ആവശ്യപ്പെട്ടപ്പോൾ കൃഷി നൽകാമെന്ന നിലപാടിലാണ് കോൺഗ്രസ്. മോൻസ് ജോസഫിന് മന്ത്രിസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. ആർഎസ്പിക്കായി ഷിബു ബേബി ജോണിന്റെ പേരും സജീവ പരിഗണനയിലുണ്ട്.











Leave a Reply