ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഉദ്വേഗജനകമായ നിമിഷങ്ങള്‍. പ്രമുഖ നേതാക്കള്‍ അടക്കം വീട്ടുതടങ്കലിലായതോടെ എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇന്ന് രാവിലെ 9.30 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിക്കള്‍ 35 A, ആര്‍ട്ടിക്കള്‍ 370 എന്നിവ എടുത്തുകളയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അജിത് ഡോവലുമായി ചര്‍ച്ച നടത്തിയിരുന്നു. കാശ്മീര്‍ വിഷയമാണ് ചര്‍ച്ചയായതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍.

ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ അടഞ്ഞുകിടക്കും. ജമ്മു സര്‍വകലാശാലയും അടച്ചിട്ടു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരീക്ഷകളൊന്നും നടക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 35,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. രാജൗരി, ഉദംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി മുതലാണ് ജമ്മു കാശ്മീരില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രധാന നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. നേതാക്കള്‍ തന്നെയാണ് തങ്ങള്‍ വീട്ടുതടങ്കലിലാണെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും മുന്‍ മുഖ്യമന്ത്രിയും ഒമര്‍ അബ്ദുള്ള എന്നിവരെല്ലാം വീട്ടുതടങ്കലിലാണെന്ന കാര്യം അറിയിച്ചതോടെ ജമ്മു കാശ്മീരില്‍ അനിശ്ചിതത്വം ആരംഭിച്ചു. പുലര്‍ച്ചെ 1.40 ഓടെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ചീഫ് സെക്രടട്ടറി, ഡിജിപി എന്നിവരുടെ അടിയന്തര യോഗം വിളിച്ചു.

“സമാധാനത്തിനു വേണ്ടി പോരാടിയ ഞങ്ങളെപ്പോലെയുള്ള തെരഞ്ഞെടുക്കപെട്ട നേതാക്കള്‍ വീട്ടു തടങ്കലില്‍ ആണ് എന്നത് എന്തൊരു വിരോധാഭാസമാണ്. ജമ്മു-കശ്മീരിലെ ജനങ്ങളേയും ശബ്ദങ്ങളെയും നിശബ്ദമാക്കുന്നത് ലോകം കണ്ടു കൊണ്ടിരിക്കുകയാണ്. മതേതര-ജനാധിപത്യ ഇന്ത്യയെ തെരഞ്ഞെടുത്ത അതേ കശ്മീര്‍ തന്നെയാണ് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു അടിച്ചമര്‍ത്തല്‍ നേരിടുന്നത്. ഉണരൂ ഇന്ത്യ,” മെഹബൂബ മുഫ്തി ട്വിറ്ററിൽ പറഞ്ഞു.

ഒമർ അബ്ദുള്ളയുടെ ട്വീറ്റ് ഇങ്ങനെ: “ഇന്ന് രാത്രി മുതല്‍ ഞാന്‍ വീട്ടുതടങ്കലില്‍ ആക്കപ്പെട്ടിരിക്കുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ബാക്കിയുള്ള മുഖ്യധാരാ നേതാക്കള്‍ക്കും ഈ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇത് സത്യമാണോ എന്നറിയാന്‍ ഒരു വഴിയുമില്ല, പക്ഷേ സത്യമാണെങ്കില്‍, ഭാവി നമുക്കായി കാത്തു വയ്ക്കുന്നതെന്തോ, അതിന്റെ മറുകരയില്‍ ഞാന്‍ നിങ്ങളെ ഇനി കാണും. അല്ലാഹു രക്ഷിക്കട്ടെ.”