സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചകേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ റേഞ്ച്െഎജി: മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടി അടിക്കടി നിലപാടു മാറ്റുന്നതിനാൽ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് പോക്സോ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സ്വാമിക്കെതിരെ മൊഴി നൽകിയതു പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സിബിഐയ്ക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയും കോടതിയെ സമീപിച്ചിട്ടുണ്ട്. നിലപാടുമാറ്റങ്ങളും പുതിയ വെളിപ്പെടുത്തലും ഒക്കെയായി കുഴഞ്ഞുമറിഞ്ഞ കേസ് നാളെ കോടതി പരിഗണിക്കും. റിമാൻഡ് കസ്റ്റഡിയിൽ കഴിയുന്ന സ്വാമിയുടെ ജാമ്യാപേക്ഷയും നാളെയാണു പരിഗണിക്കുക. പെൺകുട്ടിയെ പണമൊഴുക്കി വശത്താക്കി, കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായാണു പൊലീസ് സംശയിക്കുന്നത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു സ്വാമിക്കെതിരെ കേസെടുത്തത്. പൊലീസ് നിർബന്ധിച്ചു സ്വാമിക്കെതിരെ മൊഴി പറയിപ്പിച്ചതാണെങ്കിൽ, മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ അക്കാര്യം വെളിപ്പെടുത്താൻ അവസാന വർഷ നിയമവിദ്യാർഥിനി കൂടിയായ പെൺകുട്ടിക്ക് അവസരമുണ്ടായിരുന്നു.

തനിക്ക് ആവശ്യമില്ലാത്ത അവയവം താൻ ഛേദിച്ചെന്നായിരുന്നു ആദ്യഘട്ടത്തിൽ സ്വാമി പൊലീസിനോടു പറഞ്ഞത്. ഫലത്തിൽ വാദിയും പ്രതിയും സാക്ഷികളും ഒക്കെ വാക്കുമാറ്റൽ തുടർക്കഥയാക്കിയതോടെ കുഴങ്ങുന്നതു പൊലീസാണ്.