കേംബ്രിഡ്ജ്:  കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ “നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാർഗ്ഗങ്ങളും ” എന്ന വിഷയത്തിൽ യു കെ യിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ , കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് ചിന്തോദ്ധീപകവും കാലിക പ്രാധാന്യമേറിയതുമായ സംവാദങ്ങളുടെ പരമ്പര സംഘടിപ്പിക്കുന്നു. പ്രസ്തുത സംവാദ പരിപാടിയിൽ മുഖ്യാതിഥിയായെത്തുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നതനായ   ലീഡറും, കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ  അഡ്വ. വി.ഡി  സതീശൻ എംഎൽഎ ആണ്.
 2023 നവംബർ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ, സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ അഡ്വ.ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മുൻ നേതാവ് ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും.തുടർന്ന് ചർച്ചകൾ നടക്കും.
കാലിക രാഷ്ട്രീയ സാഹചര്യത്തിൽ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പ്രസക്തിയും, അതിന്റെ പുനരുജ്ജീവനത്തിനായി അനിവാര്യമായ മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന സുപ്രധാന ദൗത്യമാണ് ഈ സംവാദത്തിലൂടെ വിഭാവനം ചെയ്യുന്നത്.
പുരോഗമന കാഴ്ചപ്പാടുകൾക്ക് പേരുകേട്ട പ്രമുഖ രാഷ്ട്രീയ വ്യക്തിത്വമായ വി.ഡി. സതീശൻ, സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ ശാശ്വതമായ പ്രസക്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു സംവാദത്തിൽ മുഖ്യ പങ്കാളിയാവും. സന്തുലിതമായ സമ്പത്ത് ഘടനയുടെ താത്വിക   അവലോകനം, പൊതുജനാരോഗ്യ സംരക്ഷണ സംവിധാനത്തിലെ വെല്ലുവിളികൾ, സാമൂഹിക നീതി എന്നിവയിലൂന്നിയുള്ള വിഷയങ്ങളാവും പ്രതിപക്ഷ നേതാവ് ഉയർത്തിക്കാട്ടുക.
കേംബ്രിഡ്ജ് പ്രാദേശിക ഭരണത്തിൽ ഏറെക്കാലം നേതൃത്വത്തിൽ ഉണ്ടായിരുന്ന ലൂയിസ് ഹെർബർട്ട്, സോഷ്യലിസ്റ്റ് തത്വങ്ങൾ പ്രാദേശിക ഭരണത്തിൻ കീഴിൽ സാധാരണക്കാരിൽ വരെ ഫലദായകമായി  നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം പര്യവേക്ഷണം ചെയ്തു സംസാരിക്കും. സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്ന സാമൂഹിക ഇടപെടൽ, വികേന്ദ്രീകൃത പദ്ധതികൾ, സമഗ്രമായ സാമൂഹ്യക്ഷേമ പരിപാടികൾ എന്നിവയുടെ ആവശ്യകത ലൂയിസ് തന്റെ ചർച്ചയിൽ ഉയർത്തിക്കാട്ടും.
നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ വെളിച്ചത്തിൽ രാജ്യത്തെ അദ്ധ്യാനിക്കുന്ന ജനവിഭാഗത്തിന്റെ ക്ഷേമത്തിന്റെ പ്രാധാന്യവും, സാമൂഹിക-ആതുര  പരിപാലനത്തിലെ അസമത്വവും  താഴെത്തട്ടിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനും, വളർന്നുവരുന്ന രാഷ്ട്രീയ വ്യക്തിത്വവുമായ അഡ്വ.ബൈജു തിട്ടാല തന്റെ സംവാദത്തിൽ പ്രതിപാദിക്കും. ആരോഗ്യപരിരക്ഷയിലെ നിലവിലെ മാനദണ്ഡങ്ങൾ അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകത എടുത്തുപറയും.
“നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ നവോത്ഥാനവും മാർഗ്ഗങ്ങളും” എന്ന വിഷയത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലും തുടർന്നൊരുക്കിയിരിക്കുന്ന സംവാദ പരമ്പരകളിലും നെഹ്‌റുവിയൻ ആശയം പര്യവേക്ഷണം ചെയ്യുന്നതിനായി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരെയും, രാഷ്ട്രീയ ചരിത്രകാരന്മാരെയും,  നിരീക്ഷകരെയും, പ്രമുഖരെയും വേദിയിൽ അണിനിരത്തുവാൻ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിലെ നിലവിലെ അസന്തുഷ്‌ടിതമായ രാഷ്ട്രീയ-ഭരണ വ്യാവസായിക സാഹചര്യങ്ങളെക്കുറിച്ച് ചിന്തനീയവും സസൂക്ഷ്മവുമായ ഒരു പഠനവും വിലയിരുത്തലും നടത്തുകയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ലക്‌ഷ്യം വെക്കുന്നത്. അസമത്വം,സാമൂഹ്യനീതി, സുസ്ഥിര വികസനം എന്നീ മേഖലകളിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെ സമകാലിക യാഥാർത്ഥ്യങ്ങളുമായി സംയോജിപ്പിക്കേണ്ടത് ആവശ്യമാണ്. സമത്വസുന്ദരമായ സമൂഹത്തെ സൃഷ്ടിക്കുവാൻ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ സമൂഹം ആഗ്രഹിക്കുകയും അതിന് അനിവാര്യമായ കൂടുതൽ പര്യവേക്ഷണത്തിനും സംവാദത്തിനും ഉത്തേജകമായി പ്രവർത്തിക്കുകയാണ്     ലക്ഷ്യമിടുന്നത്.
നവംബർ 17 നു ഉച്ചകഴിഞ്ഞു 2:30 നു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി,സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന ഡിബേറ്റിൽ കാലിക ഇന്ത്യയിൽ ന്യുനപക്ഷ സമൂഹം നേരിടുന്ന ആശങ്കയും, ഏക സിവിൽ കോഡും അടക്കം സാമൂഹിക വിപത്തുകൾ ചർച്ചയാകുമ്പോൾ, ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്ലാൽ നെഹ്‌റു, ഇത്തരം വിഷയങ്ങളെ എങ്ങിനെ സന്തുലിതമായി നിയന്ത്രിച്ച്‌, സാഹോദര്യത്തിൽ രാഷ്ട്രത്തെ നയിച്ചുവെന്നും, അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്കും,ഭാരത ദര്ശനത്തിലേക്കും, ഇന്ത്യയെ തിരിച്ചു കൊണ്ട് പോകുവാൻ എങ്ങിനെ സാധിക്കും എന്നാവും മുഖ്യമായും സംവാദത്തിൽ ധ്വനിക്കുക
പ്രസ്തുത സംവാദ സദസ്സിൽ സാങ്കേതിക കാരണങ്ങളാൽ ഇൻവിറ്റേഷനിലൂടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യുവാൻ താല്പര്യപ്പെടുന്നു.