ചാനല്‍ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മയെ തിരികെ നല്‍കിയതിന്റെ കഥയാണ് തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിക്കും പറയാനുള്ളത്. തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് കാണാതായ അമ്മയെ ഇവര്‍ കണ്ടെത്തിയത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയിലെ ദൃശ്യങ്ങളില്‍ നിന്ന് തങ്ങളുടെ അമ്മയെ ഇവര്‍ തിരിച്ചറിയുകയും ചാനലുമായി ബന്ധപ്പെട്ട് സ്‌നേഹഭവനിലെത്തി അമ്മയെ തിരികെ കൊണ്ടുപോകുകയുമായിരുന്നു.

കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ (74) രണ്ടു വര്‍ഷം മുമ്പാണ് കാണാതായത്. ഭര്‍ത്താവ് ദാമോദരന്‍ നായരുടെ മരണം ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. മാവേലിക്കരയിലുള്ള മകളുടെ വീട്ടിലേക്ക് യാത്ര തിരിച്ച ഇവര്‍ സ്ഥലം മാറി ഇറങ്ങി. ഓര്‍മ്മക്കുറവ് മൂലം വീട്ടിലേക്കുള്ള വഴി മറക്കുകയും ചെയ്തു. പിന്നീട് ഓച്ചിറ ക്ഷേത്രത്തില്‍ തങ്ങിയ ഇവര്‍ അറുന്നൂറ്റിമംഗലത്തുള്ള ദയാഭവിനിലാണ് ആദ്യം എത്തിയത്. നാല് മാസം മുമ്പാണ് ഇവര്‍ സ്‌നേഹഭവനിനെ അന്തേവാസിയാകുന്നത്.

മക്കള്‍ ഇതിനിടെ അമ്മയെ അന്വേഷിച്ച് ഒട്ടേറെ സ്ഥലങ്ങളില്‍ അലഞ്ഞിരുന്നു. കേരളത്തിനുള്ളിലും അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം നീണ്ടു. പന്മന പോലീസ് സ്‌റ്റേഷനില്‍ ഇവരെ കാണാതായതിനെക്കുറിച്ച് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം തലവടി വിഎച്ച്എസ്എസ്, ഫാ.പേരൂര്‍ക്കളം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്നേഹഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയതിന്റെ വാര്‍ത്ത മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്തത്.