കാഷ് ഡെപ്പോസിറ്റ് മെഷിനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ യുവാവും പാലായിലെ ഒരു സഹകരണ ബാങ്കില്‍നിന്ന് അമ്പത് ലക്ഷം രൂപതട്ടിയ കേസില്‍ ഈ യുവാവിന്റെ അമ്മയെയും പോലീസ് പിടികൂടി.  ഫെഡറല്‍ ബാങ്ക് പാലാ ശാഖയിലെ പാലാ ഓലിക്കല്‍ അരുണ്‍ സെബാസ്റ്റ്യയന്‍ (29) സഹകരണ ബാങ്കില്‍ കാഷ്യറായിരുന്ന അമ്മ മറിയാമ്മ (52) എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍ പോകാന്‍ പ്രതികളെ സഹായിച്ച അയര്‍ക്കുന്നം സുനിവിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദശിയും പാലായിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരും അറസ്റ്റിലായി. പ്രതികള്‍ കരൂരിലും വേളാങ്കണ്ണിയിലും ഒളിവില്‍ താമസിച്ചു. കഴിഞ്ഞദിവസം എറണാകുളത്തെ ഒരു ഫ് ളാറ്റില്‍നിന്നാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജന്‍ കെ.അരമന, എസ്.ഐ.അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇരുവരെയും അറസ്റ്റുചെയ്തത്.

അരുണ്‍ പാലായിലെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുവരികയായിരുന്നു. 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്ത് ബാങ്കിന്റെ സി.ഡി.എം. മെഷിനില്‍ നിക്ഷേപിക്കുകയായിരുന്നു. 2000 രൂപയുടെ അഞ്ച് നോട്ടുകളാണ് കണ്ടെത്തിയത്. പോലീസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്.  ഇത്തരത്തില്‍ എറണാകുളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ചശേഷം രണ്ടു ദിവസത്തിനുള്ളില്‍ തുല്യമായ തുക എ.ടി.എം. മുഖേന പിന്‍വലിക്കുകയായിരുന്നു. അമ്പതിനായിരം രൂപയോളം വിവിധ ബാങ്കുകളില്‍നിന്ന് കള്ളനോട്ട് നിക്ഷേപിച്ച് പിന്‍വലിച്ചിട്ടുണ്ടന്ന് പോലീസ് പറഞ്ഞു. പഴയ സി.ഡി.എം. മെഷീനുകള്‍ക്ക് ഇത്തരത്തില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ പുതിയ മെഷീനുകള്‍ കള്ളനോട്ടുകള്‍ തിരിച്ചറിയും.

പാലായില്‍ സി.ഡി.എം. കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞതാണ് തട്ടിപ്പ് ഉടന്‍ തിരിച്ചറിയുവാന്‍ ഇടയാക്കിയത്. എറണാകുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനവും അരുണ്‍ നടത്തുന്നുണ്ട്. കാഷ്യറായി ജോലിചെയ്യുന്ന പാലായിലെ ഒരു സഹകരണ ബാങ്കിന്റെ ലോക്കറില്‍നിന്ന് അന്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് മറിയാമ്മ പിടിയിലായത്.

മകന്റെ ആഡംബര ജീവിതവും കടബാധ്യതയുമാണ് പാലായിലെ സഹകരണ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ തിരിമറി നടത്താന്‍ ഇടയായതെന്ന് ജീവനക്കാരിയായ മറിയാമ്മ പോലീസിന് മൊഴി നല്‍കി.ചെത്തിമറ്റത്ത് സ്വന്തമായുള്ള ചെറിയ വീട് വാടകക്ക് നല്‍കിയശേഷം നഗരത്തിലെ ഒരു സ്വകാര്യ ഫ് ളാറ്റിലായിരുന്നു മറിയാമയും മകന്‍ അരുണും താമസിച്ചിരുന്നത്. ഇതിനു പുറമെയാണ് മകളെ എറണാകുളത്ത് ഫ് ളാറ്റ് വാടകക്ക് എടുത്ത് താമസിപ്പിച്ചത്.   അരുണ്‍ ആഡംബര കാറുകള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ഇടപാടുകളും നടത്തിയിരുന്നു. മറിയാമ്മയുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബാങ്കില്‍നിന്ന് വായ്പ എടുത്ത ഇനത്തില്‍ 25 ലക്ഷത്തോളം രൂപയുടെ ബാധ്യതയുമുണ്ട്.

സിഎ കോഴ്‌സ് കഴിഞ്ഞ് വിദേശത്ത് പോയ മകള്‍ അനിത ജോലി ലഭിക്കാതെ തിരികെ എത്തി എറണാകുളത്ത് ഫ് ളാറ്റ് എടുത്ത് താമസിച്ച് സിവില്‍സര്‍വീസ് പരിശീലനം നടത്തുകയായിരുന്നു. ഇതിനും വന്‍തോതില്‍ പണം മുടക്കിയിരുന്നു.  ഭര്‍ത്താവിന്റെ ചികിത്സക്കായും വന്‍തോതില്‍ പണം ചെലവഴിച്ചിരുന്നു. കൂടാതെ മകന്റെ ബിസിനസിലൂടെയും കടബാധ്യതയുണ്ടായിരുന്നു. പ്രൈവറ്റ് ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അടക്കം വായ്പഎടുത്ത വകയില്‍ അരുണിന് ഒരുകോടിയോളം രൂപയുടെ കടബാധ്യതയുണ്ട്.   മകന്റെ കട ബാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് ജോലി ചെയ്യുന്ന ബാങ്കില്‍നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറയുന്നു. പണം എടുത്തത് താനാണെന്ന് മറിയാമ്മ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മകളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തപ്പോഴാണ് പണം എടുത്ത കാര്യം മറിയാമ്മ സമ്മതിച്ചത്. പൊലീസ് പറഞ്ഞപ്പോഴാണ് അമ്മ പണംതട്ടിയ കാര്യം മകള്‍ അറിഞ്ഞതത്രെ ബാങ്ക് അധികൃതര്‍ പോലീസിന് പരാതി നല്കിയിരുന്നു.

കള്ളനോട്ടു കേസില്‍ മകന്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ മറിയാമ്മയും മുങ്ങി. തുടര്‍ന്ന്, ബാങ്ക് ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ പണം കുറവുള്ളതായി കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ പല തവണയായാണ് പണം മാറ്റിയത്. സ്ഥിരം പരിശോധന നടത്തുന്നതില്‍ വീഴ്ച വരുത്തിയ മുതിര്‍ന്ന ജീവനക്കാരെ കേസില്‍ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും പോലീസ് പറഞ്ഞു.