ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനില്‍ കണ്ടെത്തിയ കുരങ്ങുപനി യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിരീകരിച്ചുവെന്ന വാർത്ത ആശങ്കാജനകമാണ്. യുകെയില്‍ മനുഷ്യര്‍ക്ക് കുരങ്ങുപനി ബാധിച്ചതിന് ശേഷം, സ്പെയിനിലും പോര്‍ച്ചുഗലിലും വൈറസ് റിപ്പോർട്ട് ചെയ്തു. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ 20 ഓളം പേര്‍ക്ക് വൈറസ് ബാധിച്ചതായി ആരോഗ്യ അധികാരികളെ ഉദ്ധരിച്ച് യൂറോപ്പ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാനഡയിൽ 13 പേർക്ക് രോഗം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇന്നലെ സ്വീഡനിലും ഇറ്റലിയിലും ഫ്രാൻസിലും ഓരോ കേസ് വീതം സ്ഥിരീകരിച്ചു.

ബ്രിട്ടനിൽ മേയ് ഏഴിന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനോടകം ഒമ്പത് കേസുകൾ ബ്രിട്ടനിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

സാധാരണയായി വൈറസ് വായുവിലൂടെയാണ് പകരുന്നത്. എന്നാൽ ഈ കേസുകളില്‍ എട്ട് രോഗികളും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരായതിനാല്‍ ദ്രവകങ്ങളിലൂടെ അണുബാധയുണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചു. എന്നാൽ, കുരങ്ങുപനി ആ രീതിയിൽ മാത്രം പകരുന്ന രോഗമല്ലെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറഞ്ഞു.

വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂർവ്വമായി മരണം സംഭവിക്കാറുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് കുരങ്ങുപനി ബാധിച്ചത്. കുരങ്ങുപനി വ്യാപനവുമായി ബന്ധപ്പെട്ട് യുകെയിലേയും യൂറോപ്പിലേയും ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതായി ലോകാരോഗ്യസംഘടന ചൊവ്വാഴ്ച അറിയിച്ചു. എന്നാല്‍, കുരങ്ങുപനി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നതല്ലെന്നും സാധാരണക്കാര്‍ക്ക് അപകടസാധ്യത വളരെ കുറവാണെന്നും ബ്രിട്ടിഷ് വിദഗ്ധര്‍ പറഞ്ഞു.