വീട്ടിലെത്തിയ പരിചയക്കാരനെ തടഞ്ഞുവെച്ച് അയൽക്കാരായ യുവാക്കൾ സദാചാര ഗുണ്ടായിസം കാണിച്ചതിൽ മനംനൊന്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. കൈത്തണ്ട മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ്‌കുമാറിന്റെ ഭാര്യ അക്ഷര (36) ആത്മഹത്യ ചെയ്തത്. തീപ്പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

വ്യാഴാഴ്ച രാത്രി 7.30ന് അക്ഷരയുടെ വീട്ടിലാണ് സംഭവം. അക്ഷര ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെ സ്ഥാപനത്തിലെ ഉടമ പണമിടപാടുമായി സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ വീട്ടിലെത്തിയതിനിടെയാണ് നാട്ടുകാരായ നാല് യുവാക്കൾ തടഞ്ഞ് ചോദ്യം ചെയ്തത്. ഇത് കണ്ട് മാനഹാനി ഭയന്നാണ് അക്ഷര ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.

സംഭവത്തിൽ ചാവടി സ്വദേശികൾ തന്നെയായ വിഷ്ണു, സുധിഷ്, മണികണ്ഠൻ, രഞ്ജിത്ത് എന്നിവർക്ക് എതിരെ വെള്ളറട പോലീസ് കേസെടുത്തു. നാറാണിയിൽ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു അക്ഷര. വ്യാഴാഴ്ച വൈകിട്ട് അക്ഷര ജോലി ചെയ്യുന്ന കടയുടെ സമീപത്തെ പണം ഇടപാട് സ്ഥാപന ഉടമ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് യുവാക്കൾ സംഘടിച്ചെത്തി ഇയാളെ തടയുകയും ബന്ധുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ വീടിനുള്ളിൽ കയറി യുവതി തീ കൊളുത്തുക ആയിരുന്നു.