അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് കൂടുതല്‍വിവരങ്ങള്‍ പുറത്ത്. മരിച്ച നവീനും ദേവിയും ആര്യയും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇ-മെയില്‍ സന്ദേശങ്ങളില്‍ ഇവര്‍ സ്വന്തം പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. നവീനും ദേവിയും മുന്‍പ് അരുണാചലില്‍ പോയിട്ടുണ്ട്. മരണംവരിക്കാന്‍ ഇവര്‍ അരുണാചല്‍ തിരഞ്ഞെടുത്തതില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.

നവീന്‍ തോമസിന്റെ സ്വാധീനത്തിലാണ് മൂവരും അരുണാചലിലേക്ക് പോയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. അതേസമയം സംഭവത്തില്‍ മറ്റേതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

മരണശേഷം അന്യഗ്രഹത്തില്‍ സുഖജീവിതമുണ്ടെന്ന് നവീന്‍ രണ്ടുപേരെയും വിശ്വസിപ്പിച്ചിരുന്നതായാണ് സൂചന. പ്രത്യേകരീതിയിലുള്ള മരണത്തിലൂടെ അന്യഗ്രഹത്തില്‍ എത്താന്‍ കഴിയുമെന്നും നവീന്‍ ഇവരെ വിശ്വസിപ്പിച്ചു. വിചിത്രവിശ്വാസത്തിന്റെ ആശയങ്ങള്‍ നവീന്‍ നേടിയെടുത്തത് ഡാര്‍ക്ക്‌നെറ്റില്‍നിന്നാണെന്നാണ് സൂചന. ഇവരെ സ്വാധീനിച്ച മറ്റുഗ്രൂപ്പുകളുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി(40), ഭര്‍ത്താവ് കോട്ടയം മീനടം സ്വദേശി നവീന്‍തോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യാ നായര്‍(27) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇറ്റാനഗറിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൂവരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ശാന്തികവാടത്തിലാണ് രണ്ടുപേരുടെയും സംസ്‌കാരം. നവീന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി.