ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വീട്ടിലേക്ക് അതിക്രമിച്ചു കടന്ന യുവാക്കളെ പിന്തുടർന്നതിനെ തുടർന്ന് ശിക്ഷ നേരിടേണ്ടിവന്ന രണ്ട് കുട്ടികളുടെ പിതാവായ ആദം വൈറ്റിന്റെ നിയമ യുദ്ധത്തിനു വേണ്ടി രണ്ടു ദിവസം കൊണ്ട് സ്വരൂപിച്ചത് 121,000ത്തിലധികം പൗണ്ട്. 2019 സെപ്റ്റംബറിലാണ് 25 വയസ്സുകാരനായ ടെയ്‌ലർ ബെൻഫോർഡും റയാൻ പോളും ആദം വൈറ്റിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. ഇരുവരും ക്രോബാറും ബോൾട്ട് കട്ടറുകളും അടങ്ങുന്ന ആയുധങ്ങളുമായി ആയിരുന്നു വന്നത്. സംഭവ സമയം വീട്ടിൽ ആദത്തിന്റെ ഭാര്യ 34കാരിയായ ലിൻഡ്സെയും എട്ടും പത്തും വയസുള്ള മക്കളും ഉണ്ടായിരുന്നു.

മോഷ്ടാക്കൾ ഉടൻതന്നെ മോട്ടോർ ബൈക്കിൽ രക്ഷപ്പെട്ടു. എന്നാൽ ആദം ഉടൻതന്നെ തൻറെ വൈറ്റ് മെഴ്‌സിഡസ് 4X4 ൽ അവരെ പിന്തുടരുകയായിരുന്നു. ഇതിനെ തുടർന്നുള്ള അപകടത്തിൽ യുവാക്കൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് യുവാക്കളെ പരിക്കേൽപ്പിച്ചതിനാണ് 34കാരനായ ആദത്തെ ഫെബ്രുവരിയിൽ 22 മാസം തടവിനായി ശിക്ഷിച്ചത്. അതേസമയം കവർച്ചാശ്രമം നടത്തിയ ബെൻഫോർഡും പോളും കോടതിയിൽ നിന്ന് ശിക്ഷകൾ ഒന്നും ലഭിക്കാതെ മോചിതരായി.

പ്രസ്തുത സംഭവത്തെ ആസ്പദമാക്കി ചാനൽ 4 ഡോക്യുമെൻററി സീരിസ് പ്രക്ഷേപണം ചെയ്തതാണ് വഴിത്തിരിവായത് . ഇതിനെ തുടർന്ന് ഒട്ടേറെ പേരാണ് ആദത്തിനും കുടുംബത്തിനും പിന്തുണയുമായി എത്തിയത്. തൻറെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്നും എന്നാൽ തനിക്ക് ലഭിച്ച സന്ദേശങ്ങളും സഹായഹസ്തങ്ങളും തന്നെ ഏറെ അതിശയിപ്പിക്കുന്നതായിരുന്നെന്നും എല്ലാവർക്കും നന്ദി പറയുന്നതായും ആദം പറഞ്ഞു. പൊതുജനങ്ങൾ തന്നെ ഇത്രമാത്രം വിശ്വസിക്കുകയും പിന്തുണിക്കുകയും ചെയ്യുമെന്ന് താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന ഈ സാഹചര്യത്തിലും ഇത്രയും പെട്ടെന്ന് പണം സ്വരൂപിക്കാൻ കഴിഞ്ഞതിൻെറ ആവേശത്തിലാണ് സംഘാടകർ.