ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലണ്ടന്‍ തെരുവുകളിൽ നിറങ്ങൾ ചാലിച്ച് അമ്പതാം പ്രൈഡ് ഘോഷ യാത്ര നടന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പ്രൈഡ് ഘോഷയാത്ര പലയിടത്തും നടന്നിരുന്നില്ല. ഇടവേളയ്ക്ക് ശേഷം നടന്ന മാർച്ചിൽ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. 600ലധികം എല്‍ജിബിടിക്യു+ ഗ്രൂപ്പുകള്‍ മാർച്ചിൽ പങ്കെടുത്തു. അവാ മാക്‌സിന്റെയും എമേലി സാൻഡേയുടെയും പ്രകടനങ്ങൾ മാർച്ചിന് കൂടുതൽ നിറം പകർന്നു. 1972 ലാണ് ലണ്ടനില്‍ ആദ്യ പ്രൈഡ് ഘോഷയാത്ര നടന്നത്. ഗേ ലിബറേഷൻ ഫ്രണ്ട് (GLF) സംഘടിപ്പിച്ച മാർച്ചിന്റെ പേര് ഗേ പ്രൈഡ് എന്നായിരുന്നു.

ക്വീർ വ്യക്തികളുടെ സാന്നിധ്യം പൊതുസമൂഹത്തെ അറിയിക്കുക, അവർക്ക് തുല്യ നീതി ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉയര്‍ത്തി പിടിച്ചായിരുന്നു അന്നത്തെ പ്രൈഡ് യാത്ര. ആദ്യ മാര്‍ച്ചിന് ആദരവ് നല്‍കി കൊണ്ടായിരുന്നു ഇത്തവണത്തെ യാത്ര. ക്വീർ വ്യക്തിത്വങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന രാജ്യങ്ങളിലെല്ലാം ജൂൺ മുഴുവൻ പ്രൈഡ് മാസമായി ആചരിക്കാറുണ്ട്. സ്വന്തം വ്യക്തിത്വം മറച്ചുപിടിച്ച് ഇനി ജീവിക്കില്ല എന്ന മുദ്രാവാക്യം മുഴക്കിയാണ് മിക്കവരും മാർച്ചിൽ പങ്കെടുത്തത്.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ഘോഷയാത്രയിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും പങ്കെടുത്തു. മാനോഹര ദിനമെന്നാണ് അദ്ദേഹം പ്രൈഡ് യാത്രയെ കുറിച്ച് പറഞ്ഞത്. “കഴിഞ്ഞയാഴ്ച്ച ഓസ്ലോയില്‍ ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് നേരെ നടന്ന ആക്രമം നമ്മള്‍ കണ്ടതാണ്. ഈ വിഭാഗം ആളുകള്‍ ഇപ്പോഴും വിവേചനം നേരിടുന്നുണ്ട്, അക്രമങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.” അദ്ദേഹം കൂട്ടിചേര്‍ത്തു.

1972ല്‍ നടന്ന ആദ്യമാര്‍ച്ച് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് യുകെയില്‍ സ്വവര്‍ഗാനുരാഗം നിയമവിധേയമാകുന്നത്. എച്ച് ഐവി എയ് ഡ്‌സ് ബാധിതരെ ചേര്‍ത്തു നിര്‍ത്തേണ്ടതിനെ കുറിച്ചും അവര്‍ക്ക് വേണ്ട ബോധവത്കരണവും പ്രൈഡില്‍ ചര്‍ച്ചയായി. വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഘോഷയാത്രയെ നയനമനോഹരമാക്കുന്നു.