സ്വന്തം ലേഖകൻ

ലണ്ടൻ : ലോകം ഇന്ന് അതിവേഗം ബഹുദൂരം കുതിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതി പ്രാപിച്ചുകഴിഞ്ഞെങ്കിലും പല മേഖലകളിലും ലിംഗസമത്വം കൊണ്ടുവരുവാൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. ആശുപത്രികളിലെ ‘നേഴ്സ്’ തൊഴിലിൽ ഒരു സമത്വം കൊണ്ടുവരാൻ ഇനിയും കഴിഞ്ഞിട്ടില്ല. റോയൽ കോളേജ് ഓഫ് നഴ്സിങ്ങും ഓക്സ്ഫോർഡ് ബ്രൂക്സ് സർവകലാശാലയും ചേർന്നു പുറത്തിറക്കിയ റിപ്പോർട്ടിലാണ് നഴ്സുമാർ നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളെപ്പറ്റി വിശദീകരിക്കുന്നത്. നഴ്‌സുമാരിൽ 90% സ്ത്രീകളാണ്, എന്നാൽ തന്നെ ഉയർന്ന തസ്തികകളിൽ മൂന്നിലൊന്നിൽ മാത്രമേ സ്ത്രീകൾ ഉള്ളൂ. ആഴത്തിൽ വേരൂന്നിയ ഈ ലിംഗപരമായ അസമത്വം മാറണമെന്ന ആവശ്യം നഴ്സുമാരുടെ ഇടയിൽ തന്നെയുണ്ട്. പരിചരണം എന്നത് സ്ത്രീകളുടെ കഴിവാണെന്ന ധാരണ പല നഴ്സുമാരുടെയും മറ്റുയർന്ന കഴിവുകളെ മറച്ചുപിടിക്കുന്നു. ‘ഡോക്ടറിന്റെ സഹായി’ എന്നുള്ള ഒരു ചിത്രം എന്തുകൊണ്ട് ഇതുവരെ മാറിയില്ല എന്നും അവർ തുറന്ന് ചോദിക്കുന്നു.

മുഖ്യധാരയിൽ അവരുടെ പേരുകൾ പരാമർശിക്കാൻ നാം മറന്നുപോകുന്നു. എല്ലാം കൃത്യമായി നിറവേറ്റുമ്പോൾ അവരെ വാനോളം പുകഴ്ത്തുന്ന നാം ഒരു ചെറിയ തെറ്റ് പറ്റിയാൽ അവരെ വലിയ വിമർശനങ്ങൾക്ക് വിധേയരാക്കുന്നു. നഴ്സുമാരുടെ ശമ്പളം എന്തുകൊണ്ട് വർധിപ്പിക്കുന്നില്ല എന്ന ചോദ്യവും റിപ്പോർട്ടിൽ ഉണ്ട്. അതിനാൽ തന്നെ എൻ‌എച്ച്‌എസിൽ മാത്രം 43,000 ലധികം ജോലി ഒഴിവുകൾ ആണുള്ളത്. എൻ‌എച്ച്‌എസിന് പുറത്തും നഴ്സുമാരുടെ അഭാവം കാണാം.

എല്ലാ ആരോഗ്യപരിപാലന വിദഗ്ധരുമായി ഒത്തുനോക്കിയാലും ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത് നഴ്സുമാർക്കാണെന്ന് കണ്ടെത്തുകയുണ്ടായി. മറ്റു തൊഴിലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ , ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസിൽ 24,214 പൗണ്ടിലാണ് അവരുടെ വരുമാനം ആരംഭിക്കുന്നത്. ചെറിയ തോതിൽ മാത്രമേ ശമ്പളവർധനവും ഉണ്ടാകൂ. യുകെയിലുടനീളം നഴ്സുമാരുടെ വിദ്യാഭ്യാസം, റിക്രൂട്ട്മെന്റ്, ജോലി തുടങ്ങിയവയിൽ മാറ്റം വരേണ്ടിയിരിക്കുന്നു. നഴ്സിംഗ് വിദ്യാർത്ഥികളുടെ പരിശീലനത്തിലും വികസനത്തിലും കൂടുതൽ നിക്ഷേപം നടത്തേണ്ടിയിരിക്കുന്നു. ജോലിസ്ഥലത്ത് അവർ ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ദുരുപയോഗം അനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അവരുടെ ശബ്‌ദം കേൾക്കാനും അവരുടെ മൂല്യം തിരിച്ചറിയാനുമുള്ള നിമിഷമാണിത്.