കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോളിന്റെ അമരക്കാരായിരുന്ന ഐ.എം. വിജയനും യു. ഷറഫലിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കളത്തിലിറങ്ങിയേക്കും. ഏറനാട്ടില്‍ ഇടത് സ്വതന്ത്രനായി യു. ഷറഫലിയും പാലാക്കാട്ടെ സംവരണ മണ്ഡലങ്ങളായ കോങ്ങാട്, തരൂര്‍ എന്നിവയിലൊന്നില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഐ.എം. വിജയനും മത്സരത്തിന് ഇറങ്ങിയേക്കുമെന്നാണ് സൂചന.

ഏറനാട്ടില്‍ മത്സരിക്കുന്നതിനായി യു. ഷറഫലിയെ ഇടത് നേതൃത്വം നേരത്തെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം തീരുമാനമെടുത്തിരുന്നില്ല. അടുത്തിടെ സര്‍വീസില്‍നിന്ന് വിരമിച്ച ഷറഫലി ഐ.പി.എസിന് ശ്രമിക്കുന്നതാണ് തടസ്സമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം.

മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ട കാല്‍പ്പന്ത് കളിയുടെ മിന്നുംതാരത്തിലൂടെ പിടിച്ചെടുക്കാനാവുമെന്നാണ് ഇടത് നേതൃത്വം കണക്കാക്കുന്നത്. സി.പി.ഐയുടെ സീറ്റാണ് ഏറാനാടെങ്കിലും സ്വതന്ത്രരായിട്ടാണ് ഇവിടെ ഇടത് സ്ഥാനാര്‍ഥികള്‍ മത്സരിക്കാറുള്ളത്. നിലവിലെ എം.എല്‍.എ. മുസ്ലിം ലീഗിന്റെ പി.കെ. ബഷീര്‍ മണ്ഡലം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജ്യസഭാ അംഗത്വ കാവാവധി തീരുന്ന പി.വി. അബ്ദുള്‍ വഹാബിനെയാണ് ലീഗ് ഇവിടേക്ക് പരിഗണിക്കുന്നത്. പി.കെ. ബഷീറിനെ മഞ്ചേരിയില്‍ മത്സരിപ്പിക്കാനാണ് സാധ്യത.

സംവരണ സീറ്റായ കോങ്ങാട് ഇത്തവണ ഐ.എം. വിജയനിലൂടെ നേടാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യൂത്ത് കോണ്‍ഗ്രസാണ് ഐ.എം. വിജയന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. മന്ത്രി എ.കെ. ബാലന്‍ മത്സരിക്കുന്ന തരൂരും പരിഗണനയിലുണ്ട്. ഇവ രണ്ടും സംവരണ മണ്ഡലങ്ങളാണ്.

കോങ്ങാട്ടില്‍നിന്ന് തുടര്‍ച്ചയായി രണ്ടു തവണ നിയമസഭയിലെത്തിയിട്ടുള്ള സി.പി.എമ്മിന്റെ കെ.വി.വിജയദാസ് അടുത്തിടെ മരിച്ചിരുന്നു. പുതിയൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമം സി.പി.എമ്മും നടത്തുന്നുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെങ്കിലും മത്സരിക്കുന്നതിന് ഐ.എം. വിജയന്‍ അനുകൂല പ്രതികരണമല്ല നല്‍കിയതെന്നാണ് വിവരം.

ഇതിനിടെ, മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തില്‍ പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരിനെ മത്സരിപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സിറ്റിങ് എം.എല്‍.എ. എം.കെ. മുനീറിനെ കൊടുവള്ളിയില്‍ നിര്‍ത്തി സീറ്റ് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ലീഗ്.