സി. മേരി ആൻ
ഒരാഴ്ച മുൻപ് മികച്ച നടനുള്ള സംസ്ഥാന  അവാർഡ് നേടിയ വിനായകൻ മാധ്യമ പ്രവർത്തകർക്കു മുമ്പിൽ ത൯െറ അമ്മയോടുള്ള സ്നേഹം അഭിനയിക്കില്ല എന്ന് തുറന്ന് പറഞ്ഞതായി നാം പത്രങ്ങളിൽ വായിച്ചിരുന്നു. അമ്മയെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും മറ്റുള്ളവരെ കാണിക്കാനല്ല. അത് ഒരു ദിനത്തിലേക്കായി ചുരുക്കാനും പാടില്ല മാതൃദിനം. അമ്മയെ ഓർമ്മിക്കാനായി ഒരു ദിവസം എന്തിനാണിത്? മക്കളെ ഓർക്കാതെ അമ്മമാരുടെ ഒരു ദിനം പോലും കടന്നു പോകില്ല. എങ്കിലും മാതാക്കളെ സ്മരിക്കുവാൻ മക്കൾക്ക് ഇത്തരം ഓർമ്മപ്പെടുത്തലുകൾ ആവശ്യമായേക്കാം . ഈ ഒരു ദിവസം മാത്രമല്ല അനുദിനവും സ്വന്തം അമ്മയേയും മാതൃസ്ഥാനീയരേയും ഓർമ്മിക്കാൻ നന്ദിയുള്ള ഒരു ഹൃദയം വേണം.

2017-mothers-day-hd-wallpaperജീവ൯െറ ഉടമയും ദാതാവും ദൈവമാണെന്നിരിക്കിലും ജീവ൯െറ സംരക്ഷണ ചുമതല മാതൃകരങ്ങളിലാണ് ദൈവം ഏൽപിച്ചിരിക്കുക . നാം ഓരോരുത്തരുടെയും ജീവൻ നമ്മുടെ അമ്മയുടെ നിസ്വാർത്ഥ സ്നേഹത്തി൯െറ ഉദാത്തമായ തെളിവാണ്. അമ്മയോടുള്ള കടപ്പാട് അത്ര എളുപ്പം തീർക്കു വാനോ മറക്കുവാനോ സാധ്യവുമല്ല. എന്നാൽ മാതാപിതാക്കൾ ഒരു ബാധ്യതയായി തീരുന്ന ചില ചിന്താധാരകൾ നമ്മുടെ സമൂഹത്തിലും കണ്ടു വരുന്ന വേദനാജനകമായ ഒരു വസ്തുതയാണ്. അവരുടെ സ്വത്തു മാത്രം മതി മാതാപിതാക്കളെ വേണ്ട എന്ന പ്രവണത ആശങ്കാജനകമാണ്. പക്ഷേ തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളുടെ എല്ലാ ആവശ്യങ്ങളിലും കൂടെ നിൽക്കാനും തങ്ങളുടെ ജീവിതത്തോട് അവരെ ചേർത്ത് നിറുത്താനും പരിശ്രമിക്കുന്ന അനേകം മക്കളേയും നമുക്ക് ചുറ്റും കാണാൻ സാധിക്കും .

mothersdayU.Kയിൽ കെയർ ഹോമിൽ ജോലി ചെയ്യുന്ന ചില സഹോദരങ്ങളുടെ അനുഭവങ്ങൾ ഓർത്തു പോവുകയാണ്. ” ഇവിടെ വൃദ്ധരായ മാതാപിതാക്കളെ വല്ലപ്പോഴും കടന്നു വരുന്ന മക്കൾ അവർക്ക് ലഭിക്കുന്ന ശുശ്രൂഷകൾ പോരാ എന്ന് പരാതിപ്പെടാറുണ്ട്. ആദ്യമൊക്കെ ഞാൻ ഇങ്ങനെ ചിന്തിച്ചിരുന്നു.ഇവർക്ക് അവരെ വീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിച്ചു കൂടെ. ഇടയ്ക്കു മാത്രം സന്ദർശനത്തിനു വന്നിട്ടു ഞങ്ങളുടെ ശുശ്രൂഷയുടെ കുറ്റവും കുറവും കണ്ടെത്തി പരാതി പറയുന്നതെന്തിന്. എന്നാൽ പിന്നീട് എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഞാനും അവധിക്ക് നാട്ടിൽ ചെല്ലുമ്പോൾ ഇതേ പരാതി എ൯െറ മാതാപിതാക്കളെ നോക്കുന്ന നാത്തൂൻമാരോടും മറ്റു ബന്ധുമിത്രാദികളോടും പറയാറുണ്ടല്ലോ”. മറ്റൊരാൾ ഇപ്രകാരം പറഞ്ഞു “പ്രായമായ ആളുകളുടെ ചില സ്വഭാവ പ്രത്യേകതകൾ എ൯െറ ജോലിയിൽ എന്നെ അലോസരപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ എനിക്ക് ഇതേ പ്രായത്തിലുള്ള എ൯െറ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ സാധിക്കുന്നില്ലല്ലോ എന്ന ചിന്ത ഇവരോട് ക്ഷമയോടെ പെരുമാറാനും സ്നേഹത്തോടെ പരിചരിക്കാനും സഹായിക്കുന്നുണ്ട് “.

ഈ മാതൃദിനത്തിൽ നമുക്കും ചിന്തിക്കാം. എങ്ങനെ നമ്മുടെ അമ്മമാരെ കൂടുതൽ സ്നേഹിക്കാം ശുശ്രൂഷിക്കാം. അമ്മയോടും അപ്പനോടും വെറുപ്പും ദേഷ്യവും വച്ചു പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നവർക്ക് ഭയാനകമായ ദുരിതങ്ങളാണ് തിരുവചനങ്ങളിൽ നാം കാണുക. സ്വന്തം മാതാവിനേയോ പിതാവിനേയോ നിന്ദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നവരുടെ ജീവിതം ഇരുട്ടിലേക്ക് നീങ്ങും. (സുഭാ 20/20, 30/17 വായിക്കുക). അമ്മയെ ധിക്കരിക്കുന്നവർക്ക് ശരിയായ ജീവിത വീക്ഷണം നഷ്ടമാകും. കാഴ്ച നഷ്ടപ്പെട്ട് ഇരുളിൽ അവർ വഴിതെറ്റി അലയും എന്ന് വചനം പഠിപ്പിക്കുന്നു.

കാരണം അമ്മ സ്നേഹത്തി൯െറ, നന്മയുടെ, തന്മൂലം ദൈവത്തി൯െറ തന്നെ പ്രതിഛായയാണ്. അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടി വയ്ക്കുന്നു. അമ്മയിൽ നിന്നും അകലുമ്പോൾ ദൈവത്തെ തന്നെയാണ് നാം തള്ളി പറയുന്നത്. അമ്മ എന്ന് പറയുമ്പോൾ ഭർത്താവി൯െറ/ ഭാര്യയുടെ മാതാവും അമ്മസ്ഥാനീയയാണ് എന്ന് ഓർമ്മിക്കാം. ത൯െറ അമ്മായി അമ്മയോടുള്ള യഥാർത്ഥ സ്നേഹ ബന്ധം കാരണമാണ് റൂത്ത് ദൈവിക പദ്ധതിയിലേക്കും രക്ഷാകര ചരിത്രത്തിലേക്കും വലതുകാൽ വച്ച് കയറിയത്.

ഈ മാതൃദിനത്തിൽ എല്ലാ മാതാക്കളും തങ്ങളുടെ മഹനീയ വിളിയും ദൗത്യവും തിരിച്ചറിയട്ടെ. ഒപ്പം ദൈവത്തി൯െറ മാതൃ ഭാവത്തി൯െറ പൂർണ്ണതയിലേക്ക് കൂടുതൽ വളരാൻ ഈ ദിനാചരണം സഹായിക്കട്ടെ. അനുഗ്രഹവും നിറഞ്ഞ മാതൃദിനം ആശംസിക്കുന്നു.

സി. ഡോ. മേരി ആൻ സി.എം.സി.

IMG-20170301-WA0005സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ട൯െറ വിമൻസ് ഫോറം ഡയറക്ടറാണ് സി. ഡോ. മേരി ആൻ സി.എം.സി. അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഫെബ്രുവരിയിലാണ് സിസ്റ്റർ മേരി ആനെ ഈ പദവിയിൽ നിയമിച്ചത്. ദൈവ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള ഡോ. മേരി ആനി൯െറ ദൗത്യം യുകെയിലെ സീറോ മലബാർ എപ്പാർക്കിയുടെ കീഴിലുള്ള വനിതകളുടെ ഏകോപനമാണ്.