ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ആഫ്രിക്ക :- ഒമിക്രോൺ വകഭേദം തീവ്രത കുറഞ്ഞ കോവിഡ് ബാധയാണ് ഉണ്ടാക്കുന്നതെന്ന് സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ വിവരങ്ങൾ സൂചിപ്പിക്കുന്നു. സൗത്ത് ആഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിൽ ശനിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യമായി ഒമിക്രോൺ കണ്ടെത്തിയ മേഖലയിൽനിന്നുള്ള ആശുപത്രികളിലെ ചികിത്സാ വിവരങ്ങളാണ് ഇത്തരത്തിലുള്ള നിഗമനത്തിലെത്താൻ സൗത്ത് ആഫ്രിക്കയിലെ ഡോക്ടർമാരെ പ്രേരിപ്പിച്ചിരിക്കുന്നത്. ഒമിക്രോൺ വകഭേദം കണ്ടെത്തിയ രോഗികളിൽ ഭൂരിഭാഗം പേർക്കും ഓക്സിജൻ ആവശ്യമായി വന്നില്ല എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ ഇത്തരം രോഗികളിൽ ന്യൂമോണിയ ബാധിച്ചവരുടെ എണ്ണം കുറവാണെന്നുള്ളതും, ഇന്റൻസീവ് കെയർ യൂണിറ്റിലും മറ്റും അഡ്മിറ്റ് ചെയ്യപ്പെട്ടവരുടെ എണ്ണവും സാധാരണയേക്കാൾ താഴെയായിരുന്നുവെന്നുള്ളതും ഈ നിഗമനത്തെ ശരിവയ്ക്കുന്നു. എന്നാൽ വളരെ കുറച്ച് രോഗികളുടെ സാഹചര്യങ്ങളെ മാത്രം വിലയിരുത്തി തയ്യാറാക്കിയ ഇത്തരം റിപ്പോർട്ടുകൾ അധികം വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ ഗവേഷണങ്ങൾ നടന്നാൽ മാത്രമേ ഈ വകഭേദത്തിന്റെ യഥാർത്ഥത മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.


ആശുപത്രികളിൽ എത്തുന്ന എല്ലാവരെയും ടെസ്റ്റ് ചെയ്തത് കൊണ്ട് മാത്രമാണ് ഭൂരിഭാഗം പേരിലും ഒമിക്രോൺ വകഭേദം കണ്ടെത്താനായതെന്നും, മറ്റു യാതൊരുവിധ ലക്ഷണങ്ങളും ഇവർ കാണിച്ചിരുന്ന ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭൂരിഭാഗം പേരും മറ്റുപല ചികിത്സകൾക്കായാണ് ആശുപത്രിയിലെത്തിയത്. കൂടുതൽ രോഗികളിൽ നിന്നുള്ള വിവരശേഖരണങ്ങൾ കൊണ്ടുമാത്രമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കൂ എന്ന് പ്രമുഖ ഡോക്ടർമാർ വിലയിരുത്തി.