ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉത്പന്നങ്ങളുടെ വില വർദ്ധനവ് മൂലം യുകെയിലുടനീളമുള്ള അര ഡസനിലധികം സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാർക്‌സ് ആൻഡ് സ്പെൻസർ. 300 മില്യൺ പൗണ്ട് ലാഭിക്കുന്നതിനായി തങ്ങളുടെ കീഴിലുള്ള 67 ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ അടയ്ക്കുമെന്ന് കഴിഞ്ഞ വർഷം എം ആൻഡ് എസ് പ്രഖ്യാപിച്ചിരുന്നു. ഈസ്റ്റ് കിൽബ്രൈഡ്, കാസിൽഫോർഡ്, എഡിൻബർഗ്, കാർഡിഫ്, റെക്‌സാം, മിഡിൽസ്ബ്രോ, ബോൾട്ടൺ എന്നിവിടങ്ങളിലെ സ്റ്റോറുകളാണ് അടച്ചിടാൻ ഒരുങ്ങുന്നത്. 2028 ന്റെ തുടക്കത്തോടെ ഭക്ഷണം, വസ്ത്രങ്ങൾ, ഹോംവെയർ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന 180 ‘ഫുൾ-ലൈൻ’ ഷോപ്പുകളാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എം ആൻഡ് എസ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റുവർട്ട് മച്ചിൻ പറഞ്ഞു.

ടികെ മാക്സും ബി&ക്യുവും കഴിഞ്ഞയാഴ്ച തങ്ങളുടെ കടകൾ അടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയുള്ള എം ആൻഡ് എസിൻെറ പ്രഖ്യാപനം ബ്രിട്ടീഷ് ഹൈ സ്ട്രീറ്റിന് വൻ പ്രഹരമായിരിക്കും. അടച്ച് പൂട്ടലിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും നിലവിൽ ഏഴ് ഫുൾ ലൈൻ സ്റ്റോറുകളാണ് അടയ്ക്കാനായി ഉദ്ദേശിക്കുന്നതെന്നും എം ആൻഡ് എസ് പറഞ്ഞു. ഈസ്റ്റ് കിൽബ്രൈഡ് ഷോപ്പിംഗ് സെന്ററിലെ സ്റ്റോറുകളായിരിക്കും ഫെബ്രുവരി 25-ന് ആദ്യമായി അടയ്ക്കുക. നിലവിൽ എത്ര പേരുടെ ജോലി നഷ്ടമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

എം ആൻഡ് എസിൻെറ ഊർജ്ജ ഉപയോഗത്തിന്റെ 80 ശതമാനവും സ്റ്റോറുകളിൽ നിന്നാണ് വരുന്നത്. അതിനാൽ തന്നെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നത് വഴി എനർജി ബില്ലുകളിൽ മാത്രം 100 മില്യൺ പൗണ്ട് വരെ കമ്പനിക്ക് ലാഭിക്കാൻ കഴിയും.