ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുമായി ഏറ്റുമുട്ടാനൊരുങ്ങുന്ന പാക് ടീമിന് മുന്നറിയിപ്പുമായി മുന്‍ പകിസ്താന്‍ ഓപ്പണര്‍ ആമിര്‍ സുഹൈല്‍. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ കരുതിയിരിക്കണമെന്നും ചെറിയ സാധ്യതകളില്‍ നിന്നുവരെ ടീമിനെ ജയിപ്പിക്കാന്‍ കഴിവുളള താരമാണ് ധോണിയെന്നും പാക് ടീമിനെ ആമിര്‍ സുഹൈല്‍ ഓര്‍മിപ്പിക്കുന്നു. അജ് തക്ക് സലാം ക്രിക്കറ്റില്‍ സംസാരിക്കുകയായിരുന്നു സുഹൈല്‍.
ചെറിയ സാധ്യതയുളളപ്പോള്‍ പോലും ടീമിനെ ജയത്തിലെത്തിക്കാന്‍ കഴിവുളള താരമാണ് ധോണി. പാകിസ്താന്‍ തീര്‍ച്ചയായും ധോണിയെ ഭയപ്പെടണം. അവന്‍ അപകടകാരിയാണ്
സുഹൈല്‍ പറയുന്നു
വിരാട് കോഹ്ലിയുടെ ടീം എന്തിനും പോന്നവരാണെന്ന് പറയുന്ന സുഹൈല്‍ ധോണിയ്ക്ക് ആ ടീമില്‍ വലിയ റോളാണ് വഹിക്കാനുളളതെന്നും നിരീക്ഷിച്ചു. ടീമിനെ വിജയത്തിലെത്തിക്കണമെങ്കില്‍ ധോണിയുടെ മികച്ച പ്രകടനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതെസമയം സുഹൈലിനൊപ്പം പരുപാടിക്കുണ്ടായിരുന്ന ഹര്‍ഭജന്‍ സിംഗും ധോണിയെ പ്രശംസകൊണ്ട് മൂടി. ധോണി വെറുമൊരു ബാറ്റ്‌സ്മാന്‍ മാത്രമല്ലെന്നും അവനൊരും വിക്കറ്റ് കീപ്പറും അതിലുപരി സമര്‍ത്ഥനായ ഒരു ലീഡറും കൂടിയാണെന്നായിരുന്നു ഹര്‍ഭജന്റെ വിലയിരുത്തല്‍.

ഒരാഴ്ച്ച മുമ്പ് ധോണിയ്‌ക്കെതിരെ ആഞ്ഞടിച്ച ഹര്‍ഭജന്‍സിംഗിന്റെ നിലപാട് മാറ്റം ക്രിക്കറ്റ് ലോകത്തിന് കൗതുകമായി. ധോണിയ്ക്ക് ടീം ഇന്ത്യയില്‍ തങ്ങള്‍ക്കൊന്നും ലഭിക്കാത്ത ഒരു പരിഗണന ലഭിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ഭജന്‍ അന്ന് എന്‍ഡി ടിവിയോട് പറഞ്ഞത്. ധോണിയെ കൂടാതെ യുവരാജിനെയും ഹര്‍ഭജന്‍ പ്രശംസിച്ചു.
ഞായറാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. ഇരുടീമുകള്‍ക്കും ജയം അഭിമാനപ്പോരാട്ടമായതിനാല്‍ മത്സരം തീപാറുമെന്ന് ഉറപ്പ്.