കുഞ്ചെറിയാ മാത്യൂ.
പ്രമുഖ യുവനടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലെയ്ക്ക് എത്തുകയാണന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപിന്റെ മാനേജരും വിശ്വസ്തനുമായ അപ്പുണ്ണി ദിവസങ്ങളായി പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് അറിയുന്നത്. അപ്പുണ്ണിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയാല്‍ ദിലീപിന് കോടതിയില്‍ നിന്ന് ജാമ്യം കിട്ടാന്‍ സാധ്യത ഉള്ളതിനാലാണ് പൊലീസ് അതിന് മുതിരാത്തത്. ദിലീപിന് എതിരായ കേസില്‍ വളരെ തന്ത്രപരമായാണ് പോലീസ് കരുക്കള്‍ നീക്കുന്നത്. അപ്പുണ്ണിയുടെ അറസ്റ്റ് ഔദ്യോഗീകമായി രേഖപ്പെടുത്തുന്നതിനു മുമ്പ് ദിലീപിനെ ഗൂഡാലോജനയുമായി ബന്ധിപ്പിക്കുന്ന കൃത്യമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

ഇതിനിടയില്‍ ഗൂഡാലോജനയിലും കുറ്റം മറച്ചു വെയ്ക്കുന്നതിലും പങ്കുള്ള പല പ്രമുഖരും നിരീക്ഷണത്തിലാണ്. സിനിമാക്കാരും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന ഈ പ്രമുഖര്‍ക്കെതിരേ നീങ്ങാതിരിക്കാന്‍ പോലീസിന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദമാണുള്ളത്. സംശയിക്കപ്പെടുന്ന പ്രമുഖരില്‍ ചിലരൊക്കെ പ്രതിസ്ഥാനത്ത് വരികയാണെങ്കില്‍ അത് വളരെയധികം രാഷ്ട്രീയ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതു തന്നെയാണ് പൊലീസിന്റെ മേലുള്ള സമ്മര്‍ദ്ദത്തിന്റെ കാരണവും. കൊല്ലം MLA യും പ്രമുഖ സിനിമാ നടനുമായ മുകേഷിന്റെ ഡ്രൈവറായി ദീര്‍ഘകാലം ജോലി ചെയ്തിരുന്നയാളാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി. കഴിഞ്ഞ ദിവസം പ്രമുഖ സിനിമാ താരവും ഗായികയുമായ റിമി ടോമിയെ പൊലീസ് വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സമയത്തു തന്നെ റിമി ടോമിയുടെ വീട്ടിലും റെയ്ഡ് നടത്തിയത് ഇവര്‍ തമ്മിലുള്ള വഴിവിട്ട സാമ്പത്തിക ബന്ധങ്ങള്‍ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു എന്നതിന് തെളിവാണ്. ഇതിനിടയില്‍ പൂഞ്ഞാര്‍ MLA P C ജോര്‍ജ്ജ് ദിലീപിന് അനുകൂലമായ ശക്തമായ വാദമുഖങ്ങളുമായി രംഗത്തെത്തിയത് അദ്ദേഹത്തിന്റെ മകന്‍ ഷോണുമായി ദിലീപിന് വളരെ വിപുലമായ സാമ്പത്തിക ബന്ധങ്ങള്‍ ഉള്ളതുകൊണ്ടാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മലയാള സിനിമാരംഗത്തെ പ്രമുഖ താരങ്ങളുടെയും സ്ഥിരം താവളങ്ങളില്‍ ഒന്നായ യുകെയിലെ പല ബന്ധങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വിനോദത്തിനും വിശ്രമത്തിനും സ്റ്റേജ് ഷോയിക്കുമായി പലതാരങ്ങളും ബ്രിട്ടണില്‍ സ്ഥിരമായി വരാറുണ്ട്. ഗള്‍ഫ് നാടുകളിലെപ്പോലെ തന്നെ ഹവാലപ്പണം ഒഴുക്കാനുള്ള ഒരു വേദിയായി യു കെയിലെ അവസരങ്ങളും ദുരുവിനിയോഗം ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. യുകെയില്‍ മലയാളികള്‍ നടത്തുന്ന പല അനധികൃത പണമിടപാടുകളിലെയും സാമ്പത്തിക സ്രോതസ് സംശയമുനയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് വന്‍തോതില്‍ പണം കൊള്ളപ്പലിശയ്ക്ക് കൊടുത്തിരുന്ന വ്യക്തിയെ ബ്രട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതും ഇയാളുടെ രക്ഷയ്ക്കായി ചില സംഘടനാ നേതാക്കള്‍ കത്തുമായി രംഗത്തെത്തിയതും ഈ അവസരത്തില്‍ പ്രസക്തമാണ്. യുകെയില്‍ ഇത്തരത്തില്‍ വ്യാപകമായ രീതിയില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

അപ്പുണ്ണിയെ മാപ്പ് സാക്ഷിയാക്കുകയാണെങ്കില്‍ പീഡനക്കേസിലും ദിലീപിന്റെയും സിനിമാരംഗത്തെ മറ്റു പലരുടേയും അനധികൃത പണമിടപാടുകളിലും ശക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ പറ്റുമെന്നാണ് പൊലീസും മറ്റ് അന്വേഷണ ഏജന്‍സികളും കരുതുന്നത്.