ഇടുക്കി: മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ നടക്കുന്നത് തെമ്മാടിത്തമാണെന്ന് സിപിഎം നേതാക്കള്‍. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ് ഈ പരാമര്‍ശം നടത്തിയത്. കയ്യേറ്റം ഒഴിപ്പിക്കാനായി 100 പോലീസുകാരെ കൊണ്ടുവന്ന നടപടി ശരിയല്ലെന്നും സബ്കളക്ടറും മാധ്യമങ്ങളും ഭരണം കയ്യേറാമെന്ന് കരുതേണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. അതേ സമയം മൂന്നാറില്‍ 144 പ്രഖ്യാപിക്കാന്‍ യുദ്ധമൊന്നും നടക്കുന്നില്ലല്ലോ എന്നായിരുന്നു ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

കയ്യേറ്റം ഒഴിപ്പിക്കുന്നത് സിപിഎം നിലപാടാണ്. എന്നാല്‍ അത് നീതിബോധത്തിന്റെ അടിസ്ഥാനത്തിലാകണം. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇങ്ങനെയൊരു സമീപനം സ്വീകരിച്ചതില്‍ യോജിപ്പില്ല. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാല്‍ മതിയായിരുന്നു. കുരിശ് പൊളിച്ചത് ലോകമെങ്ങുമുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കും. കയ്യേറിയ സ്ഥലം തിരിച്ചെടുക്കുന്നതിന് സിനിമ പോലുള്ള സാഹചര്യം സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നേരത്തേ തന്നെ എതിര്‍ നിലപാട് സ്വീകരിച്ചിട്ടുള്ള സിപിഎം പ്രാദേശിക നേതൃത്വം കയ്യേറ്റമൊഴിപ്പിക്കലിനെ വാക്കുകളിലൂടെ നേരിടുകയാണ്. പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് ഇന്ന് വന്‍ സന്നാഹത്തോടെ എത്തിയാണ് റവന്യൂ സംഘം പൊളിച്ചു മാറ്റിയത്. സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.