കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകൻ വെട്ടേറ്റു മരിച്ചു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍(22) ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. ആക്രമണത്തിൽ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം സഹോദരന്മാരായ മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. മന്‍സൂറിനെ ഇന്നലെ രാത്രിതന്നെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം ആളുകൾ ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.

വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടറ്റിട്ടുണ്ട്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായ കായംകുളത്ത് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റിട്ടുണ്ട്. ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

പരാജയ ഭീതിയിൽ ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം കൈവിടരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.