ഷിജു ചാക്കോ

കംഫർട്ട് സ്റ്റേഷന് വേണ്ടി സോഷ്യൽ മീഡിയയിൽ മുറവിളി ഉയരുമ്പോൾ നഗരസഭ മൗനത്തിൽ.
കണ്ണൂർ ജില്ലയിലെ ഇരിട്ടി നഗര സഭയുടെ വ്യാപാര സിരാകേന്ദ്രമായ ഇരിട്ടിപ്പട്ടണത്തിലാണ് സംഭവം.”നമ്മുടെ ഇരിട്ടി ” എന്ന ഫെയിസ് ബുക്ക് കൂട്ടായ്മയാണ് ആവശ്യവുമായി മുൻപോട്ട് വന്നത്. സമൂഹത്തിലെ നാനാതുറകളിലുള്ള ജനങ്ങളും ഈ ആവശ്യം ഏറ്റെടുത്തതോടെ നഗരസഭ സമ്മർദ്ദത്തിലാവുകയാണ്.

കെടുകാര്യസ്ഥതയുടെ പര്യായമായിരുന്നു കീഴൂർ-ചാവശേരി പഞ്ചായത്ത് എന്ന് പഞ്ചായത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ ബോധ്യമാവും.മലയോരത്തിൻ്റെ അഭിമാനമായി മണ്ണിൽ പൊന്ന് വിളയിച്ച ഇരിട്ടി നിവാസികളുടെ വിയർപ്പിൽ നിന്നും രൂപം കൊണ്ട ഇരിട്ടി പട്ടണം ഈ പഞ്ചായത്തിന് കീഴിൽ ആയി എന്നത് ഒരു ദുർവിധി മാത്രമാണ്. കൊട്ടിയൂർ നിന്നും ,കൂട്ടുപുഴ നിന്നും കാലാങ്കി നിന്നും ഇരിക്കൂർ നിന്നും ചാവശേരിയിൽ നിന്നും എത്തുന്ന ജനങ്ങളുടെ സംഗമ നഗരമാണ് ഇരിട്ടി .ഇവിടെ നിന്നും തിരിച്ചും രാത്രി കാല ബസ് സർവീസുകൾ മറ്റ് ജില്ലകളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും നിറയെ യാത്രക്കാരുമായി കടന്ന് പോകുന്നു. വിദ്യാഭ്യാസാവശ്യങ്ങൾക്കും ചികിത്സാർത്ഥവും വ്യാപാര – വ്യവഹാര ആവശൃങ്ങൾക്കുമായി ദിനംപ്രതി ആയിരക്കണക്കിന് കുട്ടികളും രോഗികളും വൃദ്ധരും യാത്രക്കാരുമായി ഇരിട്ടിയിൽ എത്തിച്ചേരുന്നത്.ഈ യാത്രകൾക്ക് സമയപരിധികളില്ല – ഇങ്ങനെയുള്ള പട്ടണത്തിൽ രാത്രി കാലങ്ങളിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് സുരക്ഷിതമേകിയിരുന്ന ഒരു പോലീസ് എയിഡ് പോസ്റ്ററ്റ് പൊളിച്ച്‌ നീക്കിയത് പഞ്ചായത്താണ്.

ദീർഘദൂര രാത്രിയാത്രക്കാരുടെ ഇടത്താവളമായ ഇരിട്ടി മെയിൻ റോഡ് – പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്നഒരു പബ്ലിക് ടോയ്ലറ്റ് ഏർപ്പെടുത്താത്തത് പഞ്ചായത്ത് ഒരു അലങ്കാരമായി സ്വീകരിച്ചിരിക്കുകയായിരുന്നു – ബസ് സ്റ്റാന്റിന് വേണ്ടി ദാനം കിട്ടിയ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് പണിതും ബാക്കി സ്ഥലത്ത് ആർഭാടപൂർവ്വം സ്റ്റേഡിയം നിർമ്മിച്ചും പഞ്ചായത്ത് ഇരിട്ടി പട്ടണത്തിന് മോടികൂട്ടിയപ്പോൾ ആവശ്യമായ പാർക്കിംഗ് സൗകര്യവും ടോയ്ലറ്റ് സൗകര്യവുമൊരുക്കാതെ പഞ്ചായത്ത് തന്നെ നിയമം ലംഘിച്ചു.( ആവശ്യമായ പാർക്കിംഗ് സ്പയിസ് ഇല്ല എന്ന കാരണത്താൽ നടപടി നേരിടുന്ന ധാരാളം കെട്ടിട ഉടമകൾ ഈ പട്ടണത്തിലുണ്ട്.നടപടി കൈക്കൊള്ളുന്നത് നമ്മടെ പഞ്ചായത്തും)

പട്ടണത്തിലെത്തുന്ന ജനങ്ങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിൽ പഞ്ചായത്ത് അമ്പേ പരാജയമായിരുന്നു. കീഴൂർ ചാവശ്ശേരി പഞ്ചായത്തിനെ ഇരിട്ടി നഗരസഭയായി ഉയർത്തിയപ്പോൾ ജനങ്ങൾ വളരെ സന്തോഷപൂർവ്വമാണ് സ്വാഗതം ചെയ്തത് .എന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച അവസ്ഥയാണ്. പഴയ പഞ്ചായത്ത് കെട്ടിടം ,പഴയ ജീവനക്കാർ ,പഴയ ഭരണ സമിതിയിൽ പെട്ടവർ .
ഇവർ നഗരസഭയുടെ സ്റ്റാറ്റസിനൊപ്പം ഉയർന്നില്ലങ്കിൽ കേരളത്തിലെ പഞ്ചായത്ത് ലെവലിൽ പ്രവർത്തിച്ച് വരുന്ന നഗരസഭയായി ഇരിട്ടി അധപതിക്കും.

അധികാരികൾ കണ്ണ് തുറന്ന് യാത്രക്കാരുടെ (രാത്രികാല) മുത്ര ശങ്കക്ക് പരിഹാരമുണ്ടാക്കിയില്ലങ്കിൽ യാത്രക്കാരാൽ അധികാരികളുടെ പിതൃസ്മരണയ്ക്ക് ഇട നൽകും.
മലയോര വ്യാപാര സിരാ കേന്ദ്രമാണ് ഇരിട്ടി പട്ടണം എന്ന് മാത്രമല്ല 40 കിലോമീറ്ററോളം ചുറ്റളവിലുള്ള വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ സംഗമകേന്ദ്രം കൂടിയാണ്. ആയതിനാൽ തന്നെ ഈ പട്ടണത്തിൻ്റെ വളർച്ച ദ്രുത ഗതിയിൽ ആയിരുന്നു.

1980-83 കാലഘട്ടത്തിൽ സന്മനസുള്ള നാട്ടുകാരിൽ ചിലർ ബസ് സ്റ്റാൻ്റ് നിർമ്മാണാവശ്യത്തിന് സ്ഥലം gift നൽകുകയുണ്ടായി. അതിനെ തുടർന്ന് ബസ് സ്റ്റാൻ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
പട്ടണത്തിൻ്റെ വളർച്ച വീണ്ടും ദ്രുതഗതിയിൽ ആയപ്പോൾ ഇരിട്ടി യുടെ വികസന മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച യശശ്ശരീരനായ Dr. തുളസിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പിറവിയെടുത്തു.

കീഴൂർ-ചാവശ്ശേരി പഞ്ചായത്തിന് കീഴിലെ ഇരിട്ടി പട്ടണം അനുദിനം വളരുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ദിച്ചു. ടാക്സികൾക്കും ഓട്ടോറിക്ഷകൾക്കും പുറമേ നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ കൂടി ദിവസേന പട്ടണത്തിലെത്താൻ തുടങ്ങിയതോടെ ഇരിട്ടി പട്ടണം ഗതാഗതക്കുരുക്കിൽ പെടുകയും പാർക്കിംഗില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നത് നിത്യസംഭവമായി.2009 കാലഘട്ടത്തിൽ കാൽനട യാത്രക്കാർ വരെ അപകടത്തിൽ പെടാൻ തുടങ്ങിയതോടെ വ്യാപാര വ്യാവസായി ,വിവിധ ,സംഘടനകൾ, തുടങ്ങിയ വിവിധ കോണുകളിൽ നിന്നും പാർക്കിംഗിനായി മുറവിളി ഉയർന്നു

പാർക്കിംഗ് സൗകര്യം ഒരുക്കി നൽകേണ്ടത് കീഴൂർ ചാവശ്ശേരി പഞ്ചായത്തിൻ്റെ ഉത്തരവാദിത്വമായിരുന്നു.കേരളാ പഞ്ചായത്ത് രാജ് സെക്ഷൻ 166 പ്രകാരം കീഴൂർ ചാവശേരി പഞ്ചായത്തിൻ്റെ ഉത്തരവാദിത്വമായിരുന്നു വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുക എന്നത്. മാത്രമല്ല മതിയായ പാർക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കാത്തത് പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ ,ഇന്ത്യൻ ഭരണഘടനയുടെ 14 ,16 ,21 വകുപ്പുകളുടെ ലംഘനവുമാണ്.

ഈ അവസരത്തിലാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണവുമായി രംഗത്തെത്തുന്നത്. കേരളാ പഞ്ചായത്തീരാജ് പ്രകാരം പുതിയ കെട്ടിട നിർമ്മാണം നടത്തുമ്പോൾ അവശ്യമായ വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് വ്യവസ്ഥ.
ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം പഴയ ബസ് സ്റ്റാൻ്റായിരുന്നു .ഈ സ്ഥലമാകട്ടെ ബസ് സ്റ്റാൻ്റ് നിർമാണത്തിന് സ്വകാര്യ വ്യക്തി ദാനം നൽകിയത് എന്ന് മാത്രമല്ല ഇരിട്ടി മെയിൻ റോഡിൽ പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് ,അന്തർ സംസ്ഥാന യാത്രക്കാരുടെ ഇടത്താവളമായ പ്രദേശവും.ഇവിടെ യാതൊരു വിധ പാർക്കിംഗ് സ്പയിസും പഞ്ചായത്ത് പ്രൊവൈഡ് ചെയ്യാതിരുന്ന സാഹചര്യത്തിൽ പാർക്കിംഗ് എന്ന ആവശ്യം വീണ്ടും സജീവമായി.
ഈ സാഹചര്യത്തിൽ ജനകീയ പ്രതികരണവേദി രംഗത്തെത്തുകയും wpc 31735/2009 ആയി ബഹു: ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യുകയും ചെയ്തു.

ഈ കേസിലെ 1-2 എതിർകക്ഷികളായ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻ്റീം ബഹു: കോടതി മുമ്പാകെ , ടാക്സി – ഓട്ടോ പാർക്കിംഗിനായി ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിനോട് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടന്നും RS NO 133/1B യിൽ താത്കാലിക പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടന്നും ബോധിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ7/12/2009 ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് നാലാഴ്ചക്കുള്ളിൽ പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് പഞ്ചായത്തിന് Direction നൽകിക്കൊണ്ട് കേസ് തീർപ്പാക്കി.

എന്നാൽ നാളിത് വരെയും കോടതി നിർദ്ദേശപ്രകാരമുള്ള പാർക്കിംഗ് സൗകര്യം പഞ്ചായത്ത് ഒരുക്കിയ ട്ടില്ല. കീഴൂർ-ചാവശ്ശേരി പഞ്ചായത്ത് പിന്നീട് ഇരിട്ടി നഗരസഭയായി മാറി എങ്കിലും മതിയായ പാർക്കിംഗ് സൗകര്യമൊരുക്കി ഇരിട്ടി പട്ടണത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചതിന് ശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലത്ത് പഞ്ചായത്ത് സ്റ്റേഡിയനിർമ്മാണം നടത്തിക്കൊണ്ട് പാർക്കിംഗ് എന്ന ആവശ്യത്തെ പാടെ തള്ളിക്കളയുകയാണ് ഉണ്ടായത്.ഈ സ്റ്റേഡിയം കൊണ്ട് ഉപകാരമുണ്ടായത് സ്വകാര്യ സ്ഥാപനമുടമക്കെന്ന ആരോപണവും ,പ്ലാനിൽ നിന്ന് വ്യതിചലിച്ച് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം നടത്തിയെന്ന ആരോപണവും നാട്ടുകാർക്കിടയിൽ സജീവമാണ്.
ഇരിട്ടി പട്ടണത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും യാതൊരു വിധ വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താത്തതും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശമാണ്. യാതൊരു വിധ മുന്നൊരുക്കവുമില്ലാതെയും അശാസ്ത്രീയമായും നിയമം ലംഘിച്ച് കൊണ്ടും പഞ്ചായത്ത് തന്നെ കെട്ടിട നിർമ്മാണം നടത്തിയതാണ് ഇതിന് കാരണം.
ഇരിട്ടി നഗരത്തിൽ ബാനർ എഴുതി പ്രദർശിപ്പിച്ച് പ്രതിഷേധം അറിയിച്ചതോടെ ഒന്നാം ഘട്ടം അവസാനിച്ചെന്നും രണ്ടാം ഘട്ടമായി 5001 ഒപ്പ് ശേഖരണം നടത്തി നഗരസഭക്ക് നിവേദനം നൽകുമെന്നും എന്നിട്ടും അനുകൂല നിലപാടുണ്ടായില്ലങ്കിൽ അവസാനഘട്ടമെന്ന നിലയിൽ കോടതിയെ സമീപിക്കുമെന്നും നമ്മുടെ ഇരിട്ടി യുടെ അഡ്മിൻ പാനൽ അറിയിച്ചു.