ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ അംഗീകാരം. അമേരിക്കന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നാസ്ദാക് ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സികളുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോം തുറക്കാന്‍ തയ്യാറാകുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അദീന ഫ്രീഡ്മാനാണ് ഈ വിവരം വെളിപ്പെടുത്തിയതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിപ്‌റ്റോകറന്‍സി മേഖല വളര്‍ച്ച പ്രാപിച്ചാല്‍ തീര്‍ച്ചയായും അല്‍പകാലത്തിനുള്ളില്‍ നാസ്ദാക് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആരംഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് യോജ്യമായ, റെഗുലേറ്റഡ് വിപണിയിലേ അത് സാധ്യമാകൂ.

റെഗുലേഷന്‍ നടപ്പിലാകാത്തതാണ് നാസ്ദാക്കും അതുപോലെയുള്ള സ്ഥാപനങ്ങള്‍ക്കും മുമ്പിലുള്ള തടസം. ഇത്തരം പ്രതിസന്ധികള്‍ നീങ്ങിയാലേ ഒരു എക്‌സ്‌ചേഞ്ച് തുടങ്ങാനാകൂ. എന്നാല്‍ ഡിജിറ്റല്‍ അസറ്റുകളുടെ കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിപണി പക്വതയാര്‍ജ്ജിക്കുന്നത് വരെ നിലവിലുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്ക് പിന്തുണ നല്‍കാനേ നാസ്ദാക്കിന് സാധിക്കൂ എന്നും അവര്‍ വ്യക്തമാക്കി.

ജെമിനി എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ബുധനാഴ്ച നാസ്ദാക് വ്യക്തമാക്കിയിരുന്നു. ആദ്യകാല ബിറ്റ്‌കോയിന്‍ നിക്ഷേപകരായ ടൈലര്‍, കാമറൂണ്‍ വിങ്കില്‍വോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജെമിനി. സുതാര്യവും നിയമാനുസൃതവുമായ ഒരു പ്ലാറ്റ്‌ഫോമായി ജെമിനിക്ക് പ്രവര്‍ത്തിക്കാന്‍ നാസ്ദാക്കിന്റെ നിരീക്ഷണം മൂലം സാധിക്കുമെന്ന് ടൈലര്‍ വിങ്കിള്‍വോസ് അറിയിച്ചു.