ലണ്ടൻ ∙ എവിടെയാണ് 50 ബില്യൻ പൗണ്ട് (4.75 ലക്ഷം കോടി രൂപ) നോട്ടുകൾ ഒളിപ്പിച്ചുവച്ചിട്ടുള്ളത്? ആരുടെ കയ്യിലാണ് അത്രയും വലിയ തുകയുള്ളത്? കുറച്ചു ദിവസമായി ബ്രിട്ടനെ വലയ്ക്കുകയാണ് ഈ ചോദ്യങ്ങൾ. 50 ബില്യൻ പൗണ്ട് മൂല്യമുള്ള ബാങ്ക് നോട്ടുകളുടെ കുറവാണ് യുകെയെ വലയ്ക്കുന്നത്. യുകെയിലെ ആരുടെയും കയ്യിലും ഈ പണമില്ലെന്നാണ് ഔദ്യോഗിക വിവരം. പിന്നെ എവിടെയാണ്, ആരാണ് ഇത്രയും പണം സൂക്ഷിച്ചുവച്ചിട്ടുള്ളത് എന്നതു ദുരൂഹമായി തുടരുന്നു.

പൊതുചെലവുകൾ പരിശോധിക്കുന്ന നാഷനൽ ഓഡിറ്റ് ഓഫിസ് (എൻ‌എ‌ഒ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. 50 ബില്യൻ പൗണ്ട് വിലമതിക്കുന്ന നോട്ടുകളെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ, അവ ആരും ഉപയോഗിക്കുന്നതായി കാണുന്നുമില്ല. ഇടപാടുകൾക്ക് ഉപയോഗിക്കാത്ത ഈ നോട്ടുകൾ യുകെയിലെ ആരുടെയും സമ്പാദ്യമായും കണ്ടെത്താനായില്ല. വിദേശത്തുള്ള അക്കൗണ്ടുകളിലോ രാജ്യത്തുതന്നെ റിപ്പോർട്ടു ചെയ്യാത്ത സമ്പാദ്യമായോ അല്ലെങ്കിൽ നിഴൽ സമ്പദ്‍വ്യവസ്ഥയിലോ (Shadow Economy) ഇവയുണ്ടാകാനാണു സാധ്യത.

ഇത്രയും പണം എവിടെയാണുള്ളതെന്നു കണക്കാക്കാൻ വിശ്വസനീയമായ വിവരങ്ങൾ വളരെ കുറവാണെന്ന് എൻ‌എ‌ഒ പറയുന്നു. ട്രഷറി, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, റോയൽ മിന്റ്, ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി, പേയ്‌മെന്റ് സിസ്റ്റംസ് റെഗുലേറ്റർ എന്നീ അഞ്ച് പൊതു സ്ഥാപനങ്ങൾക്കാണു രാജ്യത്തെ പണം കൈകാര്യം ചെയ്യുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും പങ്കുള്ളത്. എന്നാൽ 50 ബില്യൻ പൗണ്ടിനെക്കുറിച്ച് ഈ സ്ഥാപനങ്ങൾക്ക് യാതൊരു കാഴ്ചപ്പാടുമില്ല. രാജ്യത്തെ കറൻസി സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെയെന്നു മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തം ആരും കാണിക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

യുകെയിൽ 2020 ജൂലൈയിൽ, പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം 4.4 ബില്യൻ എന്ന റെക്കോർഡിലെത്തി. 76.5 ബില്യൻ പൗണ്ടായിരുന്നു ഇതിന്റെ പണമൂല്യം. രണ്ടായിരമാണ്ടിലെ 24 ബില്യൻ പൗണ്ടിൽനിന്നാണ് ഈ കുതിപ്പുണ്ടായത്. എന്നാൽ 2018ൽ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിന്റെ 20–24% മാത്രമേ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുള്ളൂ എന്നാണു ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കാക്കിയതെന്ന് എൻഎഒ പറയുന്നു. ബാക്കി 5% യുകെയിലെ വീട്ടുടമകളുടെ കയ്യിലുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏകദേശം 50 ബില്യൻ പൗണ്ട് വിലമതിക്കുന്ന ബാക്കിയുള്ളവയെക്കുറിച്ച് വളരെക്കുറച്ചേ അറിയൂവെന്നാണ് എൻഎഒ ചൂണ്ടിക്കാട്ടുന്നത്. പണത്തിന്റെ ആവശ്യം എന്തുകൊണ്ടാണു വർധിച്ചത് എന്നതിനെക്കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടും മറ്റ് സ്ഥാപനങ്ങളും കൂടുതൽ അറിയേണ്ടതുണ്ട്. നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ന‌ടപടികൾ സ്വീകരിക്കാനും നയരൂപീകരണം ശക്തമാക്കാനും ഇതു സഹായിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ പ്രതികരിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിസമ്മതിച്ചു.

ഭാവിയിലെ ആവശ്യങ്ങൾക്കായി നാണയ, കറൻസി ഉൽപാദനശേഷി പുതുക്കണമെന്ന് എൻ‌എ‌ഒ പറയുന്നു. നാണയ ഉൽ‌പാദനം കഴിഞ്ഞ ദശകത്തിൽ 65% കുറഞ്ഞ് 2019-20ൽ 383 ദശലക്ഷമായി. 2010-11ൽ ഇത് 1.1 ബില്യൻ ആയിരുന്നു. കാര്യക്ഷമത വർധിപ്പിക്കുന്നതിനു റോയൽ മിന്റും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പരസ്പരം അനുഭവങ്ങളിൽനിന്നു പാഠമുൾക്കൊള്ളണമെന്നും എൻഎഒ അടിവരയിടുന്നു. ഡിജിറ്റൽ ഇടപാട് വ്യാപകമായിട്ടും കറൻസി ഉപയോഗം കൂടുന്നതും വലിയൊരു അളവു പണം ദൃശ്യമാകാത്തതുമാണു സാമ്പത്തിക വിദഗ്ധരെ ചിന്തിപ്പിക്കുന്നത്.

‘ഡിജിറ്റൽ പേയ്‌മെന്റുകളുടെ വ്യാപകമായ ഉപയോഗത്തിലേക്കു സമൂഹം പുരോഗമിക്കുമ്പോൾ, ഇടപാടുകളിൽ പണ ഉപയോഗം കുറയുകയാണ്. എന്നാൽ, ഡിജിറ്റൽ ആക്സസ് ഇല്ലാത്ത ആളുകൾക്ക്, ആവശ്യമുള്ളപ്പോൾ പണം ലഭിക്കുന്നതു ഇതു ബുദ്ധിമുട്ടായിത്തീരും. പത്ത് വർഷം മുമ്പ്, 10 ഇടപാടുകളിൽ ആറെണ്ണത്തിൽ പണം ഉപയോഗിച്ചിരുന്നു. 2019 ആയപ്പോഴേക്കും ഇത് മൂന്നിൽ താഴെയായി. 2028 ഓടെ പത്തിൽ ഒന്നായി കുറയുമെന്നാണു പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.’– എൻ‌എ‌ഒ തലവൻ ഗാരെത്ത് ഡേവിസ് പറഞ്ഞു.

കോവിഡ് വന്നതോടെ ക്യാഷ് സെന്ററുകളിൽനിന്നുള്ള നോട്ടുകളുടെയും നാണയങ്ങളുടെയും ആവശ്യത്തിൽ മാർച്ച് ആദ്യം മുതൽ ഏപ്രിൽ പകുതി വരെ 71 ശതമാനത്തോളം ഇടിവുണ്ടായി. പ്രായമായവരും കുറഞ്ഞ വരുമാനമുള്ളവരുമാണു കൂടുതലായി പണത്തെ ആശ്രയിക്കുന്നത്. ‘പണത്തിന്റെ ഉപയോഗം മൊത്തത്തിൽ കുറയുന്നുണ്ടാകാം, പക്ഷേ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഇപ്പോഴും കറൻസി പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ചും സമൂഹത്തിലെ ദുർബലർക്ക്’– പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർ മെഗ് ഹിലിയർ പറഞ്ഞു.