ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ കണ്ടെത്തി. ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ 177 വര്‍ഷക്കാലം ആരാലും കണ്ടെത്തനാകാതെ തുടരുകയായിരുന്നു വാട്ടര്‍ലില്ലി. പത്തടി വീതിയും പൂര്‍ണവളര്‍ച്ചയെത്തിയ ഒരാളുടെ ഭാരവും വാട്ടര്‍ലില്ലിക്ക് കണക്കാക്കപ്പെടുന്നുണ്ട്. ഫ്രണ്ടിയേഴ്‌സ് ഇന്‍ പ്ലാന്റ് സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് പുതിയ ഇനത്തെ കുറിച്ച വിശദീകരിക്കുന്നത്. വിക്ടോറിയ ബൊളീവിയാന (Victoria boliviana) എന്നാണ് ഇവയ്ക്ക് പേര് നൽകിയത്.ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് പടിഞ്ഞാറന്‍ ലണ്ടനിലേക്കുള്ള ഇവയുടെ വരവെന്നാണ് നിഗമനം. പഠനത്തിന് സഹകരിച്ച ബൊളീവിയന്‍ ശാസ്ത്രജ്ഞരോടുള്ള ആദരവായാണ് വിക്ടോറിയ ബൊളീവിയാന എന്ന പേര് പുതിയ വാട്ടര്‍ലില്ലി വിഭാഗത്തിന് നല്‍കിയത്.

ഭീമന്‍ വാട്ടര്‍ ലില്ലികളെ കുറിച്ചുള്ള ഗവേഷണങ്ങളുടെ അപര്യാപ്തതയാണ് ഇത്രയും വര്‍ഷം ഇവ അജ്ഞാതമായി തുടരാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.1852-ല്‍ ബൊളീവിയയില്‍ നിന്നുമാണ് യു.കെയിലേക്ക് ഭീമന്‍ വാട്ടര്‍ ലില്ലികളുടെ സ്‌പെസിമെനുകള്‍ കൊണ്ടു വരുന്നത്. പിന്നീട് ഇവയുടെ ജെനുസ്സിന് ക്വീന്‍ വിക്ടോറിയയോടുള്ള ബഹുമാനര്‍ത്ഥം വിക്ടോറിയ എന്ന പേരും നല്‍കി. വിക്ടോറിയ ആമസോണിക്ക (Victoria amazonica) വിക്ടോറിയ ക്രൂസിയാന (Victoria cruziana) എന്നിങ്ങനെ രണ്ട് ഉപവര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഭീമന്‍ വാട്ടര്‍ ലില്ലികള്‍ക്കുള്ളതായി കരുതപ്പെട്ടിരുന്നത്. പുതിയതായി കണ്ടെത്തിയ വാട്ടര്‍ലില്ലിയുടെ വര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞിരുന്നില്ല.

ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് കൂടിയായ കര്‍ലോസ് മാഗ്ഡലേന മൂന്നാമതൊരു വാട്ടര്‍ലില്ലി വിഭാഗത്തെ കുറിച്ചുള്ള സംശയം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉന്നയിച്ചിരുന്നു. ബൊളീവിയയില്‍ സ്ഥിതി ചെയ്യുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ നിന്നും ഭീമന്‍ വാട്ടര്‍ലില്ലികളുടെ വിത്ത് ലഭിച്ചതോടെയാണ് മൂന്നാമതൊരു വിഭാഗത്തില്‍പ്പെട്ട വാട്ടര്‍ലില്ലിയുടെ സാന്നിധ്യം പഠനത്തിന്റെ മുഖ്യ ഗവേഷക കൂടിയായ കര്‍ലോസ് തിരിച്ചറിയുന്നത്. ഇവയുടെ ഇലകള്‍ രാത്രി കാലങ്ങളില്‍ മാത്രമാണ് മിഴി തുറക്കുക.