മൊബൈൽ ഫോൺ പലപ്പോഴും ദാമ്പത്യത്തിലെ വില്ലനാകാറുണ്ട്. ഇപ്പോഴിതാ ഒരു കൊലപതാകത്തിനും മൊബൈൽ ഫോൺ കാരണമായിരിക്കുയാണ്. ഫോണിന്റെ പാസ്‌വേർഡ് നൽകാത്തതിന് ഭാര്യ ഭർത്താവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. ഇൻഡോനേഷ്യയിലാണ് സംഭവം. ദേദി പൂർണ്ണാമ്മയെന്ന 26 വയസുള്ള യുവാവാണ് 25 കാരി ഭാര്യ ഇൻഹാം കാഹ്‌യാനിയുടെ കൈ കൊണ്ട് മരണമടഞ്ഞത്.

ദേദി പൂർണ്ണാമ്മയുടെ ഫോണിന്റെ പാസ്‌വേർഡ് ഭാര്യ ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഫോണെടുത്ത് ഭാര്യ പരിശോധിക്കുന്ന സമയത്ത് പൂർണ്ണാമ്മ വീടിന്റെ മേൽക്കൂര നന്നാക്കുകയായിരുന്നു. പാസ്‌വേർഡ് നൽകാൻ സാധിക്കില്ലെന്ന് പൂർണ്ണാമ്മ പറഞ്ഞതോടെ കലഹമായി. കലഹം മൂത്തപ്പോൾ ഇയാൾ താഴെയിറങ്ങി വന്ന് ഭാര്യയെ അടിച്ചു. ഇതിൽ പ്രകോപിതയായ കാഹ്‌യാനി പെട്രോൾ പൂർണ്ണാമ്മയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. വീട്ടിൽ നിന്നും നിലവിളിയും തീയും ഉയരുന്നത് കണ്ട് അയൽക്കാർ ഓടിയെത്തി. തീയണച്ച ശേഷം പൂർണ്ണാമ്മയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എൺപത് ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നു. രണ്ടുദിവസത്തിനകം പൂർണ്ണാമ്മ ആശുപത്രിയിൽ മരണമടഞ്ഞു. ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.