കാഠ്മണ്ഡു: നേപ്പാളിൽ ബുധനാഴ്ചയുണ്ടായ വൻ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്നും ശക്തമായ മണ്ണിടിച്ചിലാണെന്നും യു.എസ്. ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്.) വ്യക്തമാക്കി. കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ–ചൈന അതിർത്തിക്ക് സമീപം രാവിലെ 8.37-ന് 4.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായതായി ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് റിപ്പോർട്ട് തിരുത്തുകയായിരുന്നു. ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് വൻ മണ്ണിടിച്ചിൽ ഉണ്ടായതാണ് പ്രളയത്തിന് കാരണമായതെന്നാണ് പുതിയ വിശദീകരണം. 5.2 തീവ്രതയുള്ള ഭൂചലനത്തിന് സമാനമായ ആഘാതമാണ് മണ്ണിടിച്ചിൽ സൃഷ്ടിച്ചതെന്നും യു.എസ്.ജി.എസ്. അറിയിച്ചു.
ദുരന്തത്തിൽ ഇതുവരെ 160 പേർ മരിച്ചതായാണ് വിവരം. 844 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. കാണാതായവരിൽ 403 വിനോദസഞ്ചാരികളുണ്ട്; ഇതിൽ 341 പേർ വിദേശികളാണ്. 142 ഇന്ത്യക്കാരും കാണാതായവരുടെ പട്ടികയിലുണ്ട്. റസുവ ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ചെളിക്കടിയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളെയും കണ്ടെത്താൻ രക്ഷാപ്രവർത്തകർ തീവ്രശ്രമം നടത്തുന്നതിനിടെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി ബലേന്ദ്ര ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉപയോഗപ്പെടുത്തുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷായുമായി ഫോണിൽ സംസാരിച്ച് ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അവശ്യ മരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചിട്ടുണ്ട്. അതേസമയം, നേപ്പാളിലെ പ്രളയസാധ്യത കണക്കിലെടുത്ത് ബിഹാറിലെ പശ്ചിമ ചമ്പാരൻ അതിർത്തിയിൽ ജാഗ്രത ശക്തമാക്കി. ഇൻഡോ–നേപ്പാൾ അതിർത്തിയിലെയും ഗണ്ഡക് നദീതീരങ്ങളിലെയും ഗ്രാമങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതർ നിർദേശം നൽകി. പശ്ചിമ ചമ്പാരൻ, മുസാഫർപുർ ഉൾപ്പെടെയുള്ള മേഖലകളിൽ ഒൻപത് എൻ.ഡി.ആർ.എഫ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.











Leave a Reply