ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 2022 ജനുവരി 1 മുതൽ വീട്, വാഹന ഇൻഷുറൻസ് വില മാറും. ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇനി പോളിസി പുതുക്കുന്നവർ ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയുടെ (എഫ്‌സി‌എ) നിയന്ത്രണങ്ങൾ പ്രകാരം അധിക പണം നൽകേണ്ടി വരില്ല. അതിനർത്ഥം, സ്ഥിരമായി പോളിസി മാറുന്നവർക്ക് വില കൂടും. അതേസമയം ദീർഘകാല ഉപഭോക്താക്കൾക്ക് തുക കുറവായിരിക്കും. പുതിയ നിയമം പ്രകാരം, വിശ്വസ്തരായ ഉപഭോക്താക്കൾക്ക് 10 വർഷത്തിനുള്ളിൽ 4.2 ബില്യൺ പൗണ്ട് ലാഭമുണ്ടാകുമെന്ന് എഫ്‌സി‌എ പറഞ്ഞു.

ഒരു ഉപഭോക്താവിൽ നിന്ന് വർഷാവർഷം കൂടുതൽ നിരക്ക് ഈടാക്കുന്നത് തടയുവാനായാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഉദാഹരണമായി, ഹോം ഇൻഷുറൻസിനായി ഒരു പുതിയ ഉപഭോക്താവ് സാധാരണയായി ഒരു വർഷത്തേക്ക് 130 പൗണ്ട് ആണ് അടയ്‌ക്കേണ്ടി വരികയെന്ന് എഫ്‌സി‌എ ചൂണ്ടിക്കാണിച്ചു. എന്നാൽ അതേ പോളിസിക്ക്, ഒരേ ഇൻഷുറർക്കൊപ്പം അഞ്ച് വർഷം നിന്നവരുടെ വാർഷിക പ്രീമിയം 238 പൗണ്ട് ആയി ഉയർന്നു. മോട്ടോർ ഇൻഷുറൻസിനായി, പുതിയ ഉപഭോക്താക്കൾ 285 പൗണ്ട് അടച്ചപ്പോൾ അഞ്ച് വർഷത്തിലേറെയായി ഒരേ ഇൻഷുറർക്കൊപ്പം നിന്ന ആളുകൾ 370 പൗണ്ട് നൽകി.

വീട്, മോട്ടോർ ഇൻഷുറൻസ് എന്നിവയിലുള്ള 100 ലക്ഷം പോളിസികൾ, ദാതാവിനൊപ്പം അഞ്ച് വർഷമോ അതിൽ കൂടുതലോ ഉള്ള ആളുകളാണ് കൈവശം വച്ചിരിക്കുന്നത്. വീടും മോട്ടോർ ഇൻഷുറൻസും സംബന്ധിച്ച എഫ്‌സി‌എയുടെ ധീരമായ പുതിയ നിയമങ്ങളെ സ്വാഗതം ചെയ്യുന്നതായി സിറ്റിസൺസ് അഡ്വൈസിലെ പോളിസി ഡയറക്ടർ മാത്യു അപ്‌ടൺ പറഞ്ഞു. മറ്റ് വിപണികളിലെ ഉപഭോക്താക്കളെ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.