അദ്ധ്യാപികയായ ഭാര്യ അനുമോളെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി വിജേഷ് കുടുങ്ങിയതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. പ്രതിയുടെ അമിത ആത്മവിശ്വാസം മൂലമാണ് ഒടുവിൽ വിജേഷ് പൊലീസിൻ്റെ പിടിയിൽ ചെന്ന് വീണതും. കൊലപാതകം നടത്തിയ ശേഷം മൂന്ന് ദിവസം വിജേഷ് നാട്ടിലുണ്ടായിരുന്നു. ഇക്കാലയളവിൽ ആരും അയാളെ സംശയിച്ചില്ല. അനുമോളെ കുറിച്ച് അന്വേഷണമുണ്ടായെങ്കിലും മൃതദേഹം കണ്ടെത്താതെ വന്നതോടെ സംഭവം പുറത്ത് വരില്ലെന്ന വിശ്വാസത്തിലായിരുന്നു വിജേഷ്. ഭാര്യ അനുമോൾ നാടു വിട്ടെന്നാണ് വിജേഷ് പുറത്ത് പറഞ്ഞിരുന്നത്. താൻ പറഞ്ഞ കളവ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമെന്നും ഇയാൾ കരുതി.

അതേസമയം മൃതദേഹത്തിൽ നിന്നും ദുർഗന്ധം പുറത്ത് വരാതിരിക്കാനുള്ള വിദ്യകളും വിജേഷ് മുറിക്കുള്ളിൽ ചെയ്തിരുന്നു. മുറിയിൽ സാമ്പ്രാണിത്തിരി കത്തിച്ച് വച്ച് ഫാൻ ഇട്ടിരിക്കുകയായിരുന്നു. അഞ്ചുമിനിട്ട് കൊണ്ട് കത്തിത്തീരുന്ന സാമ്പ്രാണി തിരിയാണ് ദുർഗന്ധം പുറത്തറിയാതിരിക്കാൻ വിജേഷ് ഉപയോഗിച്ചതെന്നുള്ളത് പൊലീസുകാരെയും അമ്പരപ്പിച്ചു. മാത്രമല്ല താൻ കുറച്ച് ദിവസം മാറി നിന്നാൽ എല്ലാം കെട്ടടങ്ങുമെന്നായിരുന്നു ഇയാളുടെ വിശ്വാസം. ഈ പദ്ധതിയും മനസ്സിലിട്ട് ചൊവ്വാഴ്ച്ച തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി ശനിയാഴ്ച്ച വരെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. വിജേഷിൻ്റെ കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാലും വാർത്തകൾ കാണാതിരുന്നതിനാലും അനുമോളുടെ മൃതദേഹം കണ്ടെത്തിയതും തന്നെ പൊലീസ് അന്വേഷിക്കുന്നതുമായ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല.

വളരെ വിചിത്രമായ പദ്ധതികൾ ആയിരുന്നു വിജേഷിൻ്റെ മനസ്സിലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന് ഒരാഴ്ച്ച കഴിഞ്ഞതിനാൽ മൃതദേഹം അഴുകി ദ്രവിച്ചിട്ടുണ്ടാകുമെന്നാണ് ഇയാൾ കരുതിയിരുന്നത്. തിരികെ വീട്ടിലെത്തി കട്ടിലിനടിയിൽ ബാക്കി വന്ന അസ്ഥികൾ പെറുക്കിയെടുത്ത് ഉപേക്ഷിക്കുന്നതോടെ താൻ സ്വതന്ത്രനാകുമെന്നും കണക്കുകൂട്ടി. അസ്ഥികൾ പെറുക്കി ഉപേക്ഷിക്കാനാണ് ഞായറാഴ്ച്ച പുലർച്ചെ നാട്ടിലേക്ക് തിരിച്ചത്. എന്നാൽ കുമളിയിലെത്തിയ ഇയാൾ സിസി ടിവി ക്യാമറയിൽ പതിയുകയായിരുന്നു. ഇതിനെ തുടർന്നാണ് കുമളി പൊലീസ് വിജേഷിനെ പിടികൂടുന്നത്.

തന്നെ പൊലീസ് അന്വേഷിക്കുന്നത് അറിയാത്തതിനാൽ കുമളിയിലെ തമിഴ്‌നാട് ബസ് സ്റ്റാൻഡിൽ നിന്നും നടന്നാണ് ഇയാൾ കേരളത്തിലേക്ക് വന്നത്. തുടർന്ന് റോസാപൂക്കണ്ടം ഭാഗത്ത് പോയി. അവിടെ ചെന്ന് വേഷം മാറി ടൗണിലേക്ക് ഇറങ്ങിയപ്പോഴാണ് പൊലീസ് വിജേഷിനെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയ രീതിയും കൊല നടത്താനുപയോഗിച്ച ഷാൾ അടക്കമുള്ള സാധനങ്ങൾ കത്തിച്ചു കളഞ്ഞ സ്ഥലവും അവശിഷ്ടങ്ങളും വിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു. ഷാൾ അടക്കമുള്ള സാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ കൊലപാതകത്തിനു ശേഷം താൻ അത്മഹത്യക്ക് ശ്രമിച്ചെന്നും വിജേഷ് പൊലീസിനോട് പറഞ്ഞു.