ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആരോഗ്യ രംഗത്തെ പണിമുടക്കുകൾ രോഗികളെ മോശമായി ബാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി അമാൻഡ പ്രിച്ചാർഡ്. സമരങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും സംയുക്തമായി ഏഴ് ദിവസം പണിമുടക്ക് നടത്തും. സർക്കാർ ശമ്പള ഓഫർ നിരസിച്ചതിന് ശേഷം ജൂലൈ 13 വ്യാഴാഴ്ചയ്ക്കും ജൂലൈ 18 ചൊവ്വാഴ്ചയ്ക്കും ഇടയിൽ പണിമുടക്കാനാണ് തീരുമാനം. ഇതിനു പിന്നാലെ 20, 21 തീയതികളിൽ, ഇംഗ്ലണ്ടിലെ ആശുപത്രി കൺസൾട്ടന്റുമാർ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടു സമരം ചെയ്യും. 35% ശമ്പള വർദ്ധനവ് ആണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ അത് താങ്ങാനാവുന്നതല്ലെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.

പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം തുടരെതുടരെ ഉണ്ടായ പണിമുടക്കുകൾ ആരോഗ്യ രംഗത്തെ രൂക്ഷമായി ബാധിച്ചു. ഡോക്ടർമാർ, നേ ഴ്‌സുമാർ, ആംബുലൻസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പണിമുടക്ക് നടത്തി. ശമ്പളവർധനവിന്റെ കാര്യത്തിൽ ജൂനിയർ ഡോക്ടർമാരും ആശുപത്രി കൺസൾട്ടന്റുമാരും ഇതുവരെ സർക്കാരുമായി ധാരണയിലെത്തിയിട്ടില്ല.

വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അമാൻഡ പ്രിച്ചാർഡ് പറഞ്ഞു. സമരങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, എൻ എച്ച് എസിൽ നിരവധി പോസ്റ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് ജീവനക്കാരുടെ മേൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുകയും രോഗികൾക്ക് ദീർഘനേരം കാത്തിരിക്കേണ്ടതായും വരുന്നു.