ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിന് നിർമിതബുദ്ധി (എഐ) എത്രത്തോളം സഹായിക്കുമെന്ന് പരിശോധിക്കാൻ ബ്രിട്ടനിൽ ലോകത്തിലെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണത്തിന് എൻഎച്ച്എസ് തുടക്കമിട്ടു. യുകെയിലുടനീളമുള്ള 30 കേന്ദ്രങ്ങളിലായി 6.7 ലക്ഷത്തോളം സ്ത്രീകളെ ഉൾപ്പെടുത്താനാണ് പദ്ധതി. 1.1 കോടി പൗണ്ട് ചെലവിൽ നടത്തുന്ന EDITH എന്ന പരീക്ഷണത്തിൽ മാമോഗ്രാം പരിശോധനയുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് വിശകലനം ചെയ്യും. നിലവിൽ രണ്ട് വിദഗ്ധ ഡോക്ടർമാരാണ് ഓരോ മാമോഗ്രാം ചിത്രവും പരിശോധിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി ഇവരിൽ ഒരാൾക്കു പകരം എഐ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും പരിശോധന.

50നും 71നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മൂന്ന് വർഷത്തിലൊരിക്കൽ എൻഎച്ച്എസ് സൗജന്യ സ്തനാർബുദ പരിശോധന നടത്തിവരുന്നുണ്ട്. യുകെയിൽ പ്രതിവർഷം ഏകദേശം 59,000 സ്ത്രീകൾക്ക് സ്തനാർബുദം സ്ഥിരീകരിക്കുന്നതായാണ് കണക്ക്. ഇതിൽ മൂന്നിലൊന്ന് കേസുകളും പതിവ് മാമോഗ്രാം പരിശോധനയിലൂടെയാണ് കണ്ടെത്തുന്നത്. നേരത്തേ രോഗം കണ്ടെത്തുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും. പരിശോധനയിൽ എഐ ഉപയോഗിക്കുന്നതിലൂടെ മനുഷ്യനേത്രങ്ങൾക്ക് കണ്ടെത്താൻ കഴിയാതെ പോകുന്ന ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അതേസമയം, രോഗമില്ലാത്തവരെ അനാവശ്യമായി കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കുന്ന സാഹചര്യം ഒഴിവാക്കാനും പഠനം ലക്ഷ്യമിടുന്നു. യുകെയിൽ റേഡിയോളജി വിദഗ്ധരുടെ കുറവും പ്രതിവർഷം ഇമേജിങ് പരിശോധനകൾ എട്ടുശതമാനം വീതം വർധിക്കുന്നതും എഐയുടെ പ്രസക്തി വർധിപ്പിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കേംബ്രിഡ്ജ് സ്വദേശിനിയായ 70കാരി ഷെർലി എസെക്സിന്റെ അനുഭവം സ്തനാർബുദ പരിശോധനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഒരു വർഷം മുമ്പ് പതിവ് മാമോഗ്രാം പരിശോധനയിലാണ് ഇവർക്ക് പ്രാരംഭഘട്ടത്തിൽ സ്തനാർബുദം കണ്ടെത്തിയത്. ശസ്ത്രക്രിയയും റേഡിയേഷൻ ചികിത്സയും നടത്തിയെങ്കിലും കീമോതെറാപ്പി വേണ്ടിവന്നില്ല. രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്ന തനിക്ക് അർബുദം സ്ഥിരീകരിച്ചത് അത്ഭുതപ്പെടുത്തിയെന്നും പരിശോധന തന്റെ ജീവൻ രക്ഷിച്ചെന്നും ഷെർലി പറഞ്ഞു. കേംബ്രിഡ്ജ്, വാർവിക് സർവകലാശാലകളുടെ നേതൃത്വത്തിൽ എൻഎച്ച്എസ് ഇംഗ്ലണ്ടുമായി സഹകരിച്ച് നടത്തുന്ന പരീക്ഷണം ഏകദേശം മൂന്ന് വർഷം നീണ്ടുനിൽക്കും. പരീക്ഷണത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് നിർബന്ധമില്ല. നാല് എഐ കമ്പനികളും പദ്ധതിയുടെ ഭാഗമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എഐ ഉപയോഗിക്കുന്നത് രോഗനിർണയവും ചികിത്സയും വേഗത്തിലാക്കുമെന്നാണ് എൻഎച്ച്എസിന്റെ പ്രതീക്ഷ.











Leave a Reply