ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യവ്യാപകമായി നടന്ന എമർജൻസി അലേർട്ടുകളുടെ പരിശോധനയിൽ അലാറം കേൾക്കാത്ത സ്മാർട്ട്‌ഫോണുകൾ അവലോകനത്തിന്റെ ഭാഗമായിരിക്കും. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി അടിയന്തിര മുന്നറിയിപ്പ് നൽകുന്ന എമർജൻസി അലെർട്ടുകളുടെ പരീക്ഷണം ഇന്നലെയാണ് നടന്നത്. യുകെയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് തങ്ങളുടെ ഫോണിൽ വൈകിട്ട് 3:00 മണിക്ക് അലാറം ലഭിച്ചപ്പോൾ കുറച്ച് പേർക്ക് ഇത് ലഭിച്ചിരുന്നില്ല. എമർജൻസി അലെർട്ടുകൾ വെള്ളപ്പൊക്കം, കാട്ടുതീ, ഭീകരാക്രമണം തുടങ്ങിയ സന്ദർഭങ്ങളിലായിരിക്കും ഉപയോഗിക്കുക.

4G, 5G ഉപകരണങ്ങളിൽ അലാറം ഏകദേശം 10 സെക്കൻഡ് വരെ നീണ്ടുനിന്നു. അലാറം മുഴങ്ങിയ സമയത്ത് ഫോണിൽ സിവിയർ അലേർട്ട് എന്ന സന്ദേശം മിന്നിമറയുകയും ചെയ്‌തു. എന്നാൽ അലാറം ആസൂത്രണം ചെയ്തതിനേക്കാൾ ഒരു മിനിറ്റ് മുമ്പോ വൈകിയോ നിന്നതായി സോഷ്യൽ മീഡിയയിൽ പലരും റിപ്പോർട്ട് ചെയ്തു. അതേസമയം മറ്റ് ചിലർ തങ്ങൾക്ക് അലേർട്ട് ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. താൻ അലെർട്ടുകൾ ഓഫ് ആക്കിയിരുന്നില്ലെന്നും എന്നാൽ തനിക്ക് ടെക്‌സ്‌റ്റോ നോയ്‌സ് അലേർട്ടോ ലഭിച്ചിട്ടില്ല എന്നും ഒരാൾ ട്വീറ്റ് ചെയ്‌തു.

ചില മൊബൈൽ ഫോണുകളിൽ അലേർട്ടുകൾ എത്തിയിട്ടില്ലെന്ന് ക്യാബിനറ്റ് ഓഫീസ് വക്താവ് അറിയിച്ചു. ഇതിന് പിന്നിലുള്ള കാരണങ്ങളെ പറ്റി കൂടുതൽ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില ഫോണുകളിലെ ഫംഗ്‌ഷനുകൾ പിന്നീട് പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുന്ന പ്രവണത എഞ്ചിനീയർമാർ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. നിലവിൽ ട്രയൽ റണ്ണിന്റെ ഫലങ്ങൾ വിശകലനം ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഉദ്യോഗസ്ഥർ.