ലണ്ടന്‍: പൊതുധനം ഉപയോഗിച്ച് വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന മരുന്നുകള്‍ക്കു വേണ്ടി എന്‍എച്ച്എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നല്‍കുന്നത് കോടികളാണെന്ന് വെളിപ്പെടുത്തല്‍. ക്യാന്‍സര്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ആര്‍ത്രൈറ്റിസ് തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ക്കും മറ്റുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് പൊതുധനം ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തരം മരുന്നുകള്‍ വാങ്ങിയ ഇനത്തില്‍ എന്‍എച്ച്എസിന് കഴിഞ്ഞ വര്‍ഷം 1 ബില്യനിലേറെ പൗണ്ട് ചെലവായെന്നാണ് കണക്കുകള്‍.

സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന എന്‍എച്ച്എസില്‍ നിന്ന് ഇങ്ങനെ പണം വാങ്ങുന്നത് പൊതുജനത്തെ കബളിപ്പിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. സ്റ്റോപ്പ് എയിഡ്‌സ്, ഗ്ലോബല്‍ ജസ്റ്റിസ് നൗ എന്നിവയുടെ പുതിയ റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. എന്‍എച്ച്എസ് വാങ്ങുന്ന വിലയേറിയ ജീവന്‍ രക്ഷാ ഔഷധങ്ങളില്‍ അഞ്ചില്‍ രണ്ടെണ്ണമെങ്കിലും പൊതുഖജനാവില്‍ നിന്നുള്ള സഹായം സ്വീകരിച്ച് വികസിപ്പിച്ചവയാണ്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള അബിറാറ്റെറോണ്‍ എന്ന മരുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് എന്ന പൊതുഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വികസിപ്പിച്ചത്. പിന്നീട് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അനുബന്ധ സ്ഥാപനം ഈ മരുന്നിന്റെ അവകാശം സ്വന്തമാക്കി. ഈ മരുന്ന് ഒരു രോഗിക്ക് നല്‍കണമെങ്കില്‍ 98 പൗണ്ടാണ് എന്‍എച്ച്എസിന് ഇപ്പോള്‍ ചെലവാകുന്നത്. എന്നാല്‍ 4 പൗണ്ട് മാത്രം ചെലവാകുന്ന ഇതിന്റെ ജാനറിക് വകഭേദം മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ആരോഗ്യരംഗത്തെ ഗവേഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ബ്രിട്ടനുള്ളത്. അതായത് മരുന്ന് കമ്പനികള്‍ ഈടാക്കുന്ന വന്‍വില രാജ്യത്തിന്റെ ബജറ്റിനെത്തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിശകലനം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ മരുന്നുകള്‍ക്കായുള്ള എന്‍എച്ച്എസ് ചെലവ് 29 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന കണക്കുകളും ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു.