മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ഏറുന്നു.
വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ സനു മോഹനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

സനു മോഹന്റെയും കാറിന്റെയും ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. കാര്‍ പൊളിച്ച് വിറ്റിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. സനു മോഹന്‍ തന്നെയാണോ കാറോടിച്ചത് എന്നുള്ള കാര്യത്തില്‍ ഇപ്പോഴും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.

സനു മോഹനും മകള്‍ വൈഗയും അടങ്ങിയ കുടുംബം താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ളാറ്റില്‍ പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. ഈ രക്തക്കറ വൈഗയുടെതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. രക്ത സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു.

ഇതിനിടെ സനു മോഹന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലുള്ള സനു മോഹന്റെ സുഹൃത്തും ഒളിവിലാണ്. വൈഗയുടെ മരണത്തെക്കുറിച്ചും സനു മോഹന്റെ തിരോധാനത്തെ കുറിച്ചും ഇയാള്‍ക്ക് അറിവ് ഉണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സനു മോഹന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും നിലവിലെ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.

സനുവിന്റെ പഴയ കാര്‍ ചെന്നൈയിലേക്ക് പോയ അന്വേഷണ സംഘത്തിന് വര്‍ക്ഷോപ്പുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരത്തെ സനു മറ്റൊരു കാര്‍ പൊളിച്ചു വിറ്റതായി പോലീസിനു വിവരം ലഭിച്ചു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേരളത്തിലും മാധ്യമങ്ങള്‍ വഴിയും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആള്‍ത്തിരക്കുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും സനുവിന്റെ ഫോട്ടോയും പ്രാദേശികഭാഷയില്‍ വിശദാംശങ്ങളും പരസ്യപ്പെടുത്തും. കാറിനെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും നോട്ടീസിലുണ്ട്.

സനുവിനെ കണ്ടെത്താന്‍ ചെന്നൈക്കു പോയ പൊലീസ് സംഘം അവിടെ ക്യാംപ് ചെയ്യുകയാണ്. പുണെയിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും.