ന്യൂസ് ഡെസ്ക് മലയാളം യുകെ

യുവാക്കൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുന്നതുവഴി വഴി രാജ്യത്തെ കോവിഡ് അണുബാധ നിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. നിസാരമായ രോഗങ്ങൾക്കെതിരെ പോലും മൂന്നാം ഡോസ് വാക്സിൻ സംരക്ഷണം നൽകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി പ്രൊഫ.നീൽ ഫെർഗൂസൺ പറഞ്ഞു. മുൻഗണനാ പട്ടികയിൽ ഉള്ള ജനങ്ങൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകിയ ഉടനെ യുവാക്കൾക്ക് വാക്സിൻ നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈത്യകാലത്ത് കോവിഡ് തരംഗം രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെയിൽ ഇന്നലെ 40,375 പുതിയ കോവിഡ്-19 കേസുകളും 145 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ ഗവൺമെൻറിൻറെ ശാസ്ത്ര ഉപദേഷ്ടാക്കൾ അമ്പതു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പ്രവർത്തകർക്കൊപ്പം കോവിഡ് വാക്സിൻെറ മൂന്നാം ഡോസ് അതായത് ബൂസ്റ്റർ വാക്സിനുകൾ നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. സെപ്റ്റംബർ മാസം അവസാനം മുതൽ ഇവയുടെ വിതരണം ആരംഭിച്ചു. ഗവൺമെൻറിൻറെ മുൻഗണനാ പട്ടികയിലുള്ളവർക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകിയതിനുശേഷം ചെറുപ്പക്കാർക്ക് ഇത് നൽകാതിരിക്കാനുള്ള കാരണങ്ങൾ ഒന്നും തന്നെ താൻ കാണുന്നില്ലെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മോഡലിംഗ് ഗ്രൂപ്പിന്റെ തലവനായ പ്രൊഫ. ഫെർഗൂസൺ പറഞ്ഞു.

യുകെയിലെ ജനങ്ങൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുന്ന പ്രതിരോധശേഷിയെ കുറിച്ചുള്ള ഡേറ്റകൾ അടുത്താഴ്ച പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ കണക്കുകൾ നോക്കുമ്പോൾ അവിടുത്തെ ബൂസ്റ്റർ വാക്സിനുകൾ സ്വീകരിച്ച ജനങ്ങൾ നേരിയ രോഗങ്ങളിൽ നിന്ന് പോലും സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചതിനാലാണ് ആളുകളിൽ ഡെൽറ്റ വേരിയന്റുകൾ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഗ്രൂപ്പും ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനും നടത്തിയ മോഡലിംഗ് അനുസരിച്ച് യുവാക്കൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുന്നത് ഗണ്യമായ രീതിയിൽ രോഗവ്യാപനത്തെ കുറയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു..