ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ലോഡ്ജിൽ ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജു രാജു(40) ആണ് കായംകുളത്തെ ലോഡ്ജിൽ ജീവനൊടുക്കിയത്. യുവാവ് മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലെ വാസ്തവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ബെെജു രാജുവിൻ്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. യുവാവിൻ്റെ ഭാര്യയായ ഇലന്തൂർ സ്വദേശിനി ന്യൂസിലാൻഡിലേക്ക് തിരികെപോയതായാണ് പൊലീസ് പറയുന്നത്. ബൈജുവിൻ്റെ വീട്ടുകാരുടെയും ഭാര്യവീട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം നടന്നുവരികയാണെന്നും അതേസമയം ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം ബെെജുവിൻ്റെ ഭാര്യവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബൈജുവിൻ്റെ പിതാവ് രാജു രംഗത്തെത്തി. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബൈജുവിൻ്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ സംഭവങ്ങൾ രാജു വ്യക്തമാക്കുന്നുണ്ട്. ന്യൂസിലാൻഡിൽ ആദ്യം പോയത് ബെെജുവിൻ്റെ ഭാര്യയാണ്. രണ്ടുവർഷത്തിനുശേഷമാണ് മകൻ ന്യൂസിലാൻഡിൽ എത്തുന്നതെന്നും രാജു പറയുന്നു. ഇതിനിടയിൽ ബൈജുവിൻ്റെ ഭാര്യയും ടിജോ എന്നു പറയുന്ന വ്യക്തിയും തമ്മിൽ അരുതാത്ത ബന്ധങ്ങൾ ഉണ്ടാവുകയായിരുന്നു എന്നാണ് പിതാവ് പറയുന്നത്. മകൻ അവളെ എത്തിയശേഷം ഇക്കാര്യം അറിയുകയും ഇതു സംബന്ധിച്ച് ഇവർ തമ്മിൽ സംസാരം ഉണ്ടാവുകയും ചെയ്തതായും രാജു പറയുന്നുണ്ട്. അവൻ അവിടെ എത്തി ഒന്നര വർഷത്തിനുശേഷം അവർ തമ്മിൽ പിണങ്ങുന്നു. മറ്റൊരാളുമായുള്ള ഭാര്യയുടെ ബന്ധം അവൻ അറിഞ്ഞതാണ് പിണക്കത്തിന് കാരണം. ഇതിൻ്റെ പേരിൽ വഴക്കും മറ്റു പ്രശ്നങ്ങളുമുണ്ടായി. ഇതിൻ്റെ പേരിൽ ഭാര്യയുടെ സഹോദരനുമായി മകൻ വഴക്കായി. തുടർന്ന് മകനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ച് മടങ്ങി. പിന്നീട് ന്യൂസിലാൻഡിൽ ഇരുവരും രണ്ട് വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടയിൽ മകളോട് പറയാതെ മകൻ്റെ ഭാര്യ കുഞ്ഞുമായി നാട്ടിലേക്ക് വരികയായിരുന്നു. അപ്പോൾ ആ റൂമിലുണ്ടായിരുന്ന മകൻ്റെ സാധനങ്ങൾ മറ്റൊരാളെ ഏൽപ്പിച്ച് മകൻ്റെ കയ്യിൽ കൊടുക്കുവാൻ പറഞ്ഞിട്ടാണ് അവർ നാട്ടിലേക്ക് വന്നത്. കുഞ്ഞിനെയും കൊണ്ട് അവർ നാട്ടിലേക്ക് വന്നത് മകൻ അറിഞ്ഞില്ല. പിന്നീട് ഈ സാധനങ്ങൾ കയ്യിൽ കിട്ടിയപ്പോഴാണ് മകൻ ഇക്കാര്യം അറിയുന്നത്. ഇതിനു മുൻപ് മകൻ്റെ സമ്പാദ്യം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കി എന്നും പിതാവ് ആരോപിക്കുന്നുണ്ട്. ഭാര്യയുടെ അമ്മ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഏജൻ്റ് ആയിരുന്നു. ഈ സ്ഥാപനത്തിലേക്ക് മകൻ 26 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു എന്നും പിതാവ് ആരോപിക്കുന്നുണ്ട്. എന്നാൽ ഈ സ്ഥാപനം പൊളിയുകയായിരുന്നു. മകൻ്റെ ആ പണം മുഴുവൻ നഷ്ടപ്പെട്ടു. വലിയ രീതിയിലുള്ള കമ്മീഷൻ കൈപ്പറ്റിക്കൊണ്ടാണ് മകൻ്റെ ഭാര്യയുടെ അമ്മ മകനെ ഈ കമ്പനിയിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചതെന്നും പിതാവ് പറയുന്നു. മകൻ്റെ ഭാര്യയുടെ സഹോദരന് നാട്ടിൽ പലിശയ്ക്ക് പണം നൽകുന്ന ഏർപ്പാട് ഉണ്ടായിരുന്നു. അതിനായി പലപ്പോഴും പണം വാങ്ങിയിരുന്നത് മകൻ്റെ കയ്യിൽ നിന്നാണ്. ആ പണവും നഷ്ടപ്പെട്ടെന്നും പിതാവ് പറയുന്നുണ്ട്.

നാട്ടിലേക്ക് തിരിച്ചുവന്നശേഷം ന്യൂസിലാൻഡിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു ബൈജു രാജുവിനെന്നും പിതാവ് പറയുന്നുണ്ട്. അവിടെ കേസും മറ്റുമായി പ്രശ്നങ്ങളായിരുന്നു. ന്യൂസിലാൻ്റിൽ നിന്നും നാട്ടിലെത്തിയ മകൻ വീട്ടിൽ വന്നില്ല. പകരം കായംകുളത്തെ ലോഡ്ജിൽ ആയിരുന്നു അവൻ താമസിച്ചിരുന്നത്. അവൻ്റെ അമ്മ മാനസിക പ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിഞ്ഞു വരികയാണ്. നാട്ടിലെത്തിയതിന് പിന്നാലെ മകൻ തന്നെയും കൂട്ടി അമ്മയെ ചികിത്സിക്കുന്ന ആശുപത്രിയിൽ എത്തിയിരുന്നുവെന്നും പിതാവ് പറഞ്ഞു. അമ്മയെ അവിടെ ആജീവനാന്തം നോക്കുവാനുള്ള സൗകര്യങ്ങളൊക്കെ ചെയ്തിട്ടാണ് മകനും അച്ഛനും മടങ്ങിയത്. ഏകദേശം 3.5 ലക്ഷം രൂപ അവിടെ അന്ന് ഡെപ്പോസിറ്റ് ചെയ്തു. ഇതിൽനിന്നെല്ലാം മകൻ ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്നും അച്ഛൻ ചൂണ്ടിക്കാട്ടുന്നു.

മകനെ പലതവണ താൻ വീട്ടിലേക്ക് വിളിച്ചിരുന്നു എന്നും അച്ഛൻ പറയുന്നുണ്ട്. എന്നാൽ അവൻ വന്നില്ല. 24-ാം തീയതി തിരിച്ചു പോവുകയാണെന്ന് പറഞ്ഞു. എയർപോർട്ടിൽ താനും കൂടി വരാമെന്ന് പറഞ്ഞപ്പോൾ വേണ്ട എന്നാണ് അവൻ മറുപടി പറഞ്ഞത്. രാത്രിയിലാണ് താൻ പോകുന്നതെന്നും അച്ഛനും ബുദ്ധിമുട്ടാകുമെന്നും അവൻ പറഞ്ഞപ്പോൾ താൻ മറ്റൊന്നും കരുതിയില്ല. അവൻ്റെ മരണം നടന്നശേഷം ആറന്മുള പോലീസ് സ്റ്റേഷനിൽ നിന്നും അവൻ്റെ ഭാര്യയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഭാര്യ ന്യൂസിലാൻഡിൽ ആണെന്ന് മറുപടിയാണ് വീട്ടിൽ നിന്നും ലഭിച്ചത്.

മകൻ്റെ ഭാര്യയാണ് ആദ്യം ന്യൂസിലാൻഡിലേക്ക് പോയത്. അതുകഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞാണ് മകൻ ഇവിടെ നിന്നും പോകുന്നത്. ഈ രണ്ടു വർഷക്കാലയളവിൽ മകൻ്റെ ഭാര്യക്ക് ടോജോ എന്നു പറയുന്ന വ്യക്തിയുമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് അവിടെ എത്തിയപ്പോൾ മകന് മനസ്സിലായത്. എന്നാൽ അതുവരെയുള്ള കാര്യങ്ങൾ എന്തായിരുന്നാലും അത് താൻ മറക്കാൻ ഒരുക്കമാണെന്നും ഇനിയുള്ള ജീവിതം നന്നായി മുന്നോട്ടു പോകണം എന്നുമാണ് മകൻ ആഗ്രഹിച്ചിരുന്നതെന്നും അച്ഛൻ പറയുന്നു. ഈ ബന്ധം മുന്നോട്ട് നന്നായി പോകുന്നില്ലെന്ന് കണ്ട താൻ പലതവണ വിവാഹമോചനം നടത്താൻ ഉപദേശിച്ചിരുന്നു. എന്നാൽ തന്നെക്കൊണ്ട് അതിന് കഴിയില്ല എന്നാണ് അവൻ പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട്, മാനസികമായി തകർന്ന്, ഇനി തിരിച്ചു വരാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് മകൻ ആത്മഹത്യ ചെയ്തതൊന്നും അച്ഛൻ പറയുന്നു. മകൻ്റെ ആത്മാവിന് നീതി വാങ്ങിക്കൊടുക്കുക എന്നത് തൻ്റെ ഉത്തരവാദിത്തമാണെന്നും ഇതുമായി ബന്ധപ്പെട്ട് കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് തൻ്റെ തീരുമാനമെന്നും പിതാവ് പറയുന്നു.