ഉത്തരകൊറിയ ആറാം ആണവപരീക്ഷണം നടത്തിയാല്‍ ഭൂമി പിളർന്ന് അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയിലാണ് ചൈന. ആണവപരീക്ഷണം മൂലം ഭൂമിക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജപ്രവാഹമാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്നത്. ഉത്തരകൊറിയ ആറാമത് ആണവ പരീക്ഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചൈനയെ കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്ന വാര്‍ത്ത കൂടി പുറത്തുവരുന്നത്.

ചൈന ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതമായ മൗണ്ട് പേക്ടു പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുണ്ട്.

ഈ അഗ്നിപര്‍വ്വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം മനുഷ്യര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യീരിയില്‍ നിന്നും വെറും 115-130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്നിപര്‍വ്വതമുള്ളത്. ഉത്തരകൊറിയക്കാര്‍ക്ക് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുള്ള പര്‍വ്വതമാണ് മൗണ്ട് പേക്ടു. ആദ്യ കൊറിയന്‍ രാജവംശത്തിന്റെ സ്ഥാപകനായ ഡാന്‍ഗുണിന്റെ ജന്മഗ്രാമം ഈ മലനിരകളിലാണെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, ഈ അഗ്നിപര്‍വ്വതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറം ലോകത്തിന് ലഭ്യമല്ല. ഉത്തരകൊറിയ ഏറ്റവും ഒടുവിലായി പരീക്ഷിച്ച ആണവായുധം പത്ത് കിലോടണ്‍ ശേഷിയുള്ളതായിരുന്നു. ഇതേ ശേഷിയില്‍ മറ്റൊരു ആണവപരീക്ഷണം കൂടി നടത്തിയാല്‍ പോലും അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ആണവായുധത്തിന്റെ ശേഷി 100 കിലോ ടണ്‍ വരെ ആകാമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

അഗ്നിപര്‍വ്വതമുഖത്തിന് പുറമേ ചെറു പുല്ലുകളും ശുദ്ധജല തടാകവും അടക്കം പ്രകൃതി സുന്ദരമായ പര്‍വ്വതമാണ് മൗണ്ട് പെക്ടു. ഉത്തരകൊറിയ ഭരിക്കുന്ന കിം കുടുംബത്തിന് അടുത്ത ബന്ധമുണ്ട് ഈ പര്‍വ്വതവുമായി.

ഒബാമയുടെ കാലത്തേതുപോലെ ക്ഷമയോടെ കാത്തിരിക്കുന്ന സമീപനമായിരിക്കില്ല അമേരിക്കയ്‌ക്കെന്നും എല്ലാ മാര്‍ഗങ്ങളും മുന്നിലുണ്ടെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരകൊറിയയോടുള്ള നിലപാട്. കൊറിയയിലേക്ക് യുദ്ധക്കപ്പലുകളടക്കമുള്ള സന്നാഹങ്ങള്‍ അയക്കുന്നതിന് അമേരിക്ക തയ്യാറായിരുന്നു. ഇതിന് പുറമേയാണ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, സ്റ്റേറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി തുടങ്ങിയ ഉന്നതരെ മേഖലയിലേക്ക് അയച്ചതും. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സമ്മര്‍ദ്ദത്തിന് പുറമേ ചൈനയുടെ കൂടി സമ്മര്‍ദ്ദം വരുന്നതോടെ ഉത്തരകൊറിയ കടുത്ത നടപടികള്‍ക്ക് മുതിരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.