ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നോർത്തേൺ അയർലൻഡ് 25 വർഷത്തിനുള്ളിൽ യുകെ വിട്ടിരിക്കുമെന്ന് ഐറിഷ് അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു. ഒരു അതിർത്തി വോട്ടെടുപ്പ് നടന്നാൽ യുകെയിൽ തുടരാൻ വോട്ടുചെയ്യുമെന്ന് നോർത്തേൺ അയർലൻഡിലെ 49% ആളുകൾ അഭിപ്രായപ്പെട്ടു. 43% ആളുകൾ യുണൈറ്റഡ് അയർലണ്ടിനെ പിന്തുണയ്ക്കുകയും 8% ആളുകൾ തീരുമാനമെടുക്കാതിരിക്കുകയും ചെയ്തു. ബിബിസി എൻ‌ഐയുടെ സ്‌പോട്ട്‌ലൈറ്റ് പ്രോഗ്രാം ആണ് വോട്ടെടുപ്പ് നടത്തിയത്. നോർത്തേൺ അയർലണ്ടിലെ അതിർത്തി വോട്ടെടുപ്പിന് സമാന്തരമായി ഒരു വോട്ട് നടന്നാൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ 51% പേർ യുണൈറ്റഡ് അയർലൻഡിനായി വോട്ടുചെയ്യുമെന്നും 27% പേർ നോർത്തേൺ അയർലൻഡ് യുകെയിൽ തുടരാൻ വോട്ട് ചെയ്യുമെന്നും 22% ഉറപ്പില്ലെന്നും അഭിപ്രായപ്പെട്ടു.

അടുത്ത 10 വർഷത്തിനുള്ളിൽ നോർത്തേൺ അയർലൻഡ് യുകെയുടെ ഭാഗമാകുമോ എന്ന ചോദ്യത്തിന്, ‘അങ്ങനെ കരുതുന്നുവെന്ന്’ എൻഐയിലെ 55% പേരും റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ 59 % പേരും മറുപടി നൽകി. എന്നാൽ 25 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമോ എന്ന് ചോദിച്ചപ്പോൾ, എൻ‌ഐയിൽ 51% ആളുകളും റിപ്പബ്ലിക്കിൽ 54% ആളുകളും, നോർത്തേൺ അയർലൻഡ് യുകെ വിട്ടുപോകുമെന്നാണ് പ്രതികരിച്ചത്. നോർത്തേൺ അയർലൻഡ് രാഷ്ട്രീയ അക്രമത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന് ഐറിഷ് അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നു.

നോർത്തേൺ അയർലണ്ടിലുടനീളം നിരവധി പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നുകൊണ്ടിരുന്ന ഈസ്റ്റർ കാലഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. നോർത്തേൺ അയർലണ്ടിൽ സർവേയിൽ പങ്കെടുത്തവരിൽ 76% പേർ,ഭാവിയിൽ അക്രമത്തിന് സാധ്യതയുണ്ടെന്ന വാദത്തോട് യോജിച്ചു. റിപ്പബ്ലിക്കിൽ 87% പേർ ഇങ്ങനെ കരുതുന്നു. ഗ്രേറ്റ് ബ്രിട്ടനും നോർത്തേൺ അയർലൻഡിനും ഇടയിലുള്ള “പരിഹാസ്യമായ തടസ്സങ്ങൾ” അവസാനിപ്പിക്കുമെന്ന് ബോറിസ് ജോൺസൺ പ്രതിജ്ഞ ചെയ്തിരുന്നു.