പത്തുകോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രവാസി വ്യവസായി അറസ്റ്റിൽ. ചേർത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോൺസൺ മാവുങ്കലാണ് പിടിയിലായത്. പത്തുകോടി വിലമതിക്കുന്ന പുരാവസ്തുക്കൾ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിയ കേസിലാണ് മോൺസൺ മാവുങ്കലിനെ തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോൺസൻ മാവുങ്കൽ. ഇയാളുടെ എറണാകുളം കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൺസൻ തട്ടിപ്പ് നടത്തിയത്.

ചേർത്തലയിലുള്ള വീട്ടിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ആരോപണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.