ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്ലിന്റ്ഷയർ: പരിചരണത്തിലായിരുന്ന 99 വയസ്സുകാരിയുടെ 7.5 ലക്ഷം പൗണ്ട് തട്ടിയെടുത്ത് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച നേഴ്സിനെ ജോലിയിൽനിന്ന് പുറത്താക്കി. വെയിൽസിലെ ഫ്ലിന്റ്ഷയറിലുള്ള മോൾഡിലെ ബ്രിൻയർ ഹോൾ കെയർ ഹോമിൽ ഡെപ്യൂട്ടി മാനേജരായിരുന്ന റെബേക്ക ലൂയിസ് ബർവുഡിനെയാണ് നേഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ നേഴ്സുമാരുടെ രജിസ്റ്ററിൽനിന്ന് നീക്കാൻ തീരുമാനിച്ചത്. 2017 മുതൽ 2023 വരെ വയോധികയുടെ വിശ്വാസം ദുരുപയോഗം ചെയ്താണ് പണം കൈക്കലാക്കിയത്. സൗന്ദര്യശസ്ത്രക്രിയ, വീടിന്റെ നവീകരണം, കാറും ക്യാമ്പർ വാനും വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പണം ചെലവഴിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വയോധികയുടെ ഏകദേശം നാലുലക്ഷം പൗണ്ട് വിലവരുന്ന വീടിന്റെ ഉടമസ്ഥാവകാശവും ബർവുഡ് സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു.

വീണതിനെ തുടർന്ന് ആരോഗ്യപരമായും മാനസികമായും ദുർബലയായ വയോധികയ്ക്ക് ബന്ധുക്കളുണ്ടായിരുന്നില്ല. പരിചരണകേന്ദ്രത്തിൽ എത്തുന്നതിനു മുമ്പുതന്നെ ബർവുഡുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇവർ സൗഹൃദത്തിനും സാമൂഹിക ഇടപെടലുകൾക്കും നേഴ്സിനെ ആശ്രയിച്ചിരുന്നു. ഈ വിശ്വാസം മുതലെടുത്ത് വയോധികയുടെ സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരവും ബർവുഡ് സ്വന്തമാക്കി. അഞ്ചുവർഷത്തിനിടെ അക്കൗണ്ടിൽനിന്ന് 3.7 ലക്ഷം പൗണ്ടിലധികം പിൻവലിച്ചതായും ഇതിൽ 1.6 ലക്ഷം പൗണ്ട് എ.ടി.എം. വഴി വലിയ തുകകളായി എടുത്തതായും ഹിയറിങ്ങിൽ വ്യക്തമായി. 20,000 പൗണ്ട് ചെലവിൽ കാർ വാങ്ങാനും 9,000 പൗണ്ട് ചെലവിൽ ക്യാമ്പർ വാൻ വാങ്ങാനും വയോധികയെ പ്രേരിപ്പിച്ചു. ഇരുവരും യാത്രകൾക്കു പോകാനാണ് വാഹനങ്ങൾ വാങ്ങുന്നതെന്നായിരുന്നു വിശദീകരണം. പണം പിൻവലിച്ചതിന്റെയോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയതിന്റെയോ രേഖകൾ ബർവുഡിന്റെ കൈവശമുണ്ടായിരുന്നില്ല. സംശയകരമായ ഇടപാടുകളെ തുടർന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെങ്കിലും നിയന്ത്രണം നീക്കാൻ വയോധികയെ ബാങ്കിലെത്തിച്ചതായും കണ്ടെത്തി.

വിശ്വാസത്തെ സ്വന്തം നേട്ടത്തിനായി ദുരുപയോഗം ചെയ്ത ബർവുഡിന്റെ നടപടി ഗുരുതരമായ തൊഴിൽച്ചട്ടലംഘനമാണെന്ന് കൗൺസിൽ വിലയിരുത്തി. അധികാരവും വിശ്വാസവും ദുരുപയോഗം ചെയ്ത് ആസൂത്രിതമായി വയോധികയെ ചൂഷണം ചെയ്തതായും ഇതിലൂടെ അവർക്ക് സാമ്പത്തികവും മാനസികവുമായ നഷ്ടമുണ്ടായതായും സമിതി വ്യക്തമാക്കി. വയോധികയുടെ മരണസമയത്ത് തുടർന്നുള്ള 23 മാസത്തെ പരിചരണച്ചെലവിനുള്ള പണം മാത്രമാണ് ശേഷിച്ചിരുന്നത്. സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും കെയർ ഹോം അധികൃതർ അറിയിച്ചു. തന്റെ പ്രവൃത്തികളിൽ ഖേദിക്കുന്നതായും വയോധികയെ സ്വന്തം മുത്തശ്ശിയെപ്പോലെയാണ് കണ്ടിരുന്നതെന്നും ബർവുഡ് പ്രതികരിച്ചു.











Leave a Reply