ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പടിഞ്ഞാറൻ ലണ്ടൻ നഗരത്തിൽ വൻ തീപിടുത്തം. ഫെൻത്തമിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് രണ്ട് മൈലിൽ താഴെ മാത്രമാണ് വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഗ്നിബാധ ഉണ്ടായ സ്ഥലത്തിന് അടുത്ത് താമസിക്കുന്ന ചിലർ വലിയ ഒരു സ്ഫോടനം കേട്ടതായി സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്തു.

അഗ്നിബാധയെ തുടർന്ന് ഇതുവരെ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 60 ഓളം ആളുകളെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 70 ഓളം അഗ്‌നി ശമന സേനാംഗങ്ങളും പോലീസും ആണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഫയർഫോഴ്സിന്റെ കഠിനാധ്വാനം 30 ഓളം വീടുകളെ അഗ്നിബാധയിൽ നിന്ന് രക്ഷപ്പെടുത്തിയതായി സ്റ്റേഷൻ കമാൻഡർ ടാമർ ഓസ്‌ഡെമിർ പറഞ്ഞു. അഗ്നിബാധയുടെ ദൃശ്യങ്ങൾ വിമാനത്തിലിരുന്ന യാത്രക്കാർ പകർത്തിയതാണ് വ്യാപകമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.